SignIn
Kerala Kaumudi Online
Thursday, 05 November 2026 2.38 AM IST

രാംലീല റാലിക്കെത്തിയില്ല; യൂത്ത് കോൺഗ്രസിൽ കൂട്ടസസ്‌പെൻഷൻ

d

ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനത്ത് ഒന്നിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യ മുന്നണിയുടെ റാലിയിൽ പങ്കെടുക്കാത്തതിന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെ കൂട്ടനടപടി. ഏഴ് സംസ്ഥാനങ്ങളിലും ഉത്തർപ്രദേശിലെ ഒരു പ്രത്യേക ഘടകത്തിലുമായി 215 ഭാരവാഹികൾക്കെതിരെ നടപടിയെടുത്തതായാണ് റിപ്പോർട്ട്. മധ്യപ്രദേശിലാണ് കൂടുതൽ പേർ നടപടി നേരിട്ടത്. 60 പേരെ സസ്‌പെൻഡ് ചെയ്തു. ഗുജറാത്തിൽ 49, ജാർഖണ്ഡിൽ 32, പശ്ചിമബംഗാളിൽ 26, തെലങ്കാനയിൽ 14, ഹിമാചൽപ്രദേശിൽ 13, ഉത്തർപ്രദേശിൽ 11, ഹരിയാനയിൽ 10 എന്നിങ്ങനെയാണ് കണക്ക്.

റാലിയിലും അതിനു മുന്നോടിയായുള്ള മാർച്ചിലും ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ സാന്നിദ്ധ്യം നിർബന്ധമാക്കിയിരുന്നു. ഹാജർ ഉറപ്പാക്കാൻ ഡൽഹിയിലെ മിന്റോ റോഡിൽ ബാർകോഡ് പരിശോധനയും യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിൽ രജിസ്‌ട്രേഷനും ഏർപ്പെടുത്തിയിരുന്നു. എന്നാൽ റാലിയിൽ പങ്കെടുക്കാൻ എത്തിയതായി സംഘടന അവകാശപ്പെട്ട 15,000 പേരിൽ 2,831 പേർ മാത്രമാണ് ആപ്പിൽ ഹാജർ രേഖപ്പെടുത്തിയത്. സാങ്കേതിക പരിജ്ഞാനക്കുറവും മന്ദഗതിയിലുള്ള ഇന്റർനെറ്റും രജിസ്‌ട്രേഷനെ ബാധിച്ചതായും വിലയിരുത്തലുണ്ട്.

നിർദ്ദേശം ഉണ്ടായിട്ടും കാരണമില്ലാതെ വിട്ടുനിന്ന ഭാരവാഹികൾക്കെതിരെയാണ് നടപടിയെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണവും ഉയർത്തിയായിരുന്നു ഇന്ത്യ മുന്നണിയുടെ റാലി. കോൺഗ്രസ് നേതൃത്വം റാലി വിജയകരമായിരുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ലെന്ന വിമർശനവും ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360