
സംവാദത്തിന്
വീണ്ടും വെല്ലുവിളി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും രാജ്യതാത്പര്യം ബലികഴിച്ചെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുതെളിയിക്കാൻ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും പറഞ്ഞു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ സംഗ്രൂരിൽ കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള 'ഇൻസാഫ് റാലി"യിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
അഞ്ചു മിനിട്ടിലാണ് ട്രംപിന്റെ ഭീഷണിക്കുവഴങ്ങി പ്രധാനമന്ത്രി വാണിജ്യ കരാർ ഒപ്പിട്ടത്. പാർലമെന്റിലടക്കം കൂടിയാലോചിച്ചില്ല. അതുവഴി ഇന്ത്യയിലെ കർഷകരുടെയും വ്യവസായങ്ങളുടെയും താത്‌പര്യം ബലികഴിച്ചു. കരാറിന് പിന്നാലെ യു.എസിൽ അദാനിക്കെതിരെയുള്ള കേസ് പിൻവലിച്ചത് ഒത്തുകളിയുടെ തെളിവാണ്.
പ്രധാനമന്ത്രി ദേശദ്രോഹിയാണെന്ന് സംവാദത്തിലൂടെ തെളിയിക്കാം. പാർലമെന്റിൽ സംസാരിച്ചാൽ മൈക്ക് ഓഫ് ചെയ്യും. മുന്നിലിരുന്ന് സംവാദം നടത്താൻ പ്രധാനമന്ത്രി തയ്യാറാവണം. ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിനെയോ വ്യവസായി അദാനിയെയോ ജഡ്‌ജിയാക്കാം. സ്വകാര്യ ടിവി സ്റ്റുഡിയോയിൽ നടത്താം. പാലും വെള്ളവും വേർതിരിച്ചു കാണിച്ചു തരാം- രാഹുൽ വെല്ലുവിളിച്ചു.
ബി.ജെ.പിക്ക് ഒരു
വർഷം മാത്രം
ഒരു വർഷത്തിനുള്ളിൽ ബി.ജെ.പി സർക്കാർ നിലംപതിക്കുമെന്ന് രാഹുൽ. മൂന്നു വർഷത്തിനുള്ളിൽ പഞ്ചാബിലെ മയക്കുമരുന്ന് വിഷയം പരിഹരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം പരാമർശിക്കവേയായിരുന്നു പരാമർശം. ഗുജറാത്തിൽ അദാനി തുറമുഖത്തുനിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ എന്തുനടപടിയെടുത്തെന്നും അമിത് ഷാ പറയണം. ഷാ സ്വന്തം ഗുണ്ടകളെ വളർത്തുകയാണ്. ഡൽഹിയിലിരുന്ന് പഞ്ചാബ് ഭരിക്കുന്ന അവസ്ഥ അവസാനിക്കാൻ കോൺഗ്രസ് വരണം. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കേജ്‌രിവാൾ നിയന്ത്രിക്കുന്നു. മറ്റൊരു വശത്തിരുന്ന് അമിത് ഷാ നിയന്ത്രിക്കുന്നു. മദ്യപാനിയായ മുഖ്യമന്ത്രിക്ക് എങ്ങനെ പഞ്ചാബിലെ മയക്കുമരുന്ന് വിപത്ത് തടയാനാകും - രാഹുൽ പറഞ്ഞു.
സിദ്ധുവിനെ ഓർത്ത്
സംഗീതജ്ഞനും കോൺഗ്രസ് അനുഭാവിയുമായ മൂസ സിദ്ധു മൂസെ വാലയുടെ കൊലപാതകം തിരഞ്ഞെടുപ്പിൽ ആയുധമാക്കുമെന്ന സൂചന നൽകി രാഹുൽ. സിദ്ധുവിന്റെ പിതാവ് ബൽക്കൗർ സിംഗും വേദിയിലുണ്ടായിരുന്നു. സുരക്ഷ വെട്ടിക്കുറച്ച് സിദ്ധുവിനെ മരണത്തിന് വിട്ടുകൊടുത്തതാണെന്നും സംസ്ഥാനത്ത് അരക്ഷിതാവസ്ഥയാണെന്നും രാഹുൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |