SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.44 PM IST

ലഖിംപൂർ: സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം, രാഷ്‌ട്രപതിയെ കണ്ട് കോൺഗ്രസ്

congress-meet-president

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയിൽ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്‌ട്രപതിയെ കണ്ടു. സിറ്റിംഗ് ജഡ്ജിയെ വച്ച് നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് രാഷ്‌ട്രപതി ഉറപ്പ് നൽകിയതായി കോൺഗ്രസ് നേതാക്കൾ അറിയിയിച്ചു.

മുഖ്യപ്രതിയുടെ പിതാവ് കേന്ദ്രമന്ത്രിയായതിനാൽ നീതി ലഭിക്കില്ലെന്ന ലഖിംപൂരിലെ കർഷകരുടെ ആശങ്ക രാഷ്‌ട്രപതിയെ ധരിപ്പിച്ചതായി പ്രതിനിധി സംഘത്തെ നയിച്ച രാഹുൽ ഗാന്ധി പറഞ്ഞു. അജയ് മിശ്ര മന്ത്രിയായി തുടരുന്നിടത്തോളം നിക്ഷ്പക്ഷ അന്വേഷണം സാദ്ധ്യമല്ലെന്ന് ജനങ്ങൾ കരുതുന്നു. അതിനാൽ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ലഖിംപൂർ സന്ദർശിച്ച ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ രാഹുലും പ്രിയങ്കയും മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാബ്നബി ആസാദ്, മല്ലികാർജ്ജുന ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ലോക്‌സഭാ നേതാവ് ആദിർ രഞ്ജൻ ചൗദരി എന്നിവർക്കൊപ്പമാണ് രാഷ്‌ട്രപതിയെ കണ്ടത്.

പട്ടാപ്പകൽ കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ചെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ലാഘവത്തോടെയാണ് പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടും കോൺഗ്രസ് രാഷ്‌ട്രപതിക്ക് കൈമാറി.

ഫോറൻസിക് പരിശോധന നടത്തും

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹമിടിച്ച് കൊന്ന സ്ഥലത്ത് യു.പി ലക്നൗവിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഫോറൻസിക് പരിശോധന നടത്തി തെളിവുകൾ ശേഖരിക്കും. മന്ത്രി പുത്രൻ ആശിഷ് മിശ്ര സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നതായി അവകാശപ്പെടുന്ന സ്ഥലത്തും ഫോറൻസിക് പരിശോധന നടത്തും.

കർഷകരെ ഇടിച്ച വാഹനത്തിൽ ഉണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകൻ അങ്കിത് ദാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

26ന് മഹാപഞ്ചായത്ത്

ലഖീംപൂർഖേരി സംഭവത്തിൽ പ്രതിഷേധിക്കാൻ ഒക്ടോബർ 26ന് മഹാപഞ്ചായത്ത് ചേരുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമാണെന്നും ചായയും ബിസ്ക്കറ്റും വിതരണം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും ആശിഷ് മിശ്രയുടെ അറസ്റ്റിനെ സൂചിപ്പിച്ച് ടിക്കായത്ത് പറഞ്ഞു. ഒക്ടോബറിന് രാജ്യവ്യാപകമായി റെയിൽ ഉപരോധത്തിനും കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CONGRESS CONGRESS MEET PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360