SignIn
Kerala Kaumudi Online
Monday, 18 May 2026 11.18 PM IST

എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം കോടികൾ; തൽക്കാലം രക്ഷാപാക്കേജില്ലെന്ന് കേന്ദ്രം

fuel-price-hike

ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതോടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. അടുത്തിടെ ഇന്ധനവില വർദ്ധിപ്പിച്ചത് എണ്ണക്കമ്പനികളുടെ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി പൂർണമായി ഒഴിഞ്ഞിട്ടില്ല. പ്രതിദിനം 1,600 കോടി രൂപയായിരുന്ന കമ്പനികളുടെ നഷ്ടം ലിറ്ററിന് ഏകദേശം മൂന്ന് രൂപ കൂട്ടിയതിനെ തുടർന്ന് ഇപ്പോൾ 750 കോടി രൂപയായി കുറഞ്ഞു. എന്നാൽ തൽക്കാലത്തേക്ക് പ്രത്യേക സാമ്പത്തിക രക്ഷാപാക്കേജുകളൊന്നും എണ്ണ കമ്പനികൾക്കായി പരിഗണിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.


ഏകദേശം 750 കോടി രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇപ്പോഴത്തെ പ്രതിദിന നഷ്ടമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ഇറക്കുമതിച്ചെലവ് ഉൾപ്പെടെയാണിത്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധപ്രതിസന്ധിയാണ് അസംസ്‌കൃത എണ്ണവില കുതിച്ചുയരാൻ കാരണം.

പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്നതിന് മുൻപ് ഫെബ്രുവരിയിൽ ഇന്ത്യൻ ബാസ്‌കറ്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 6,​641 ($69.01 ഡോളർ) ആയിരുന്നു​. എന്നാൽ 80 ദിവസമായി തുടരുന്ന സംഘർഷങ്ങളെ തുടർന്ന് എണ്ണവില ബാരലിന് മേയ് 15ഓടെ 10,​658 രൂപയായി ($110.73 ഡോളർ)​ ഉയർന്നു. ഫെബ്രുവരിയിലെ ശരാശരി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ബാരലിന് 4,017 രൂപയുടെ (41.72 ഡോളർ)​ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ചുരുങ്ങിയ കാലയളവിൽ 60.45 ശതമാനത്തിന്റെ കൂറ്റൻ വർദ്ധനവ്.


ഇന്ത്യ തങ്ങൾക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികവും എൽപിജിയുടെ 60 ശതമാനത്തോളവും അന്താരാഷ്ട്ര വിപണിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 40 ശതമാനം ക്രൂഡ് ഓയിലും 90 ശതമാനം എൽപിജിയും ഇന്ത്യയിലെത്തിച്ചിരുന്നത് ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു. എന്നാൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കാരണം ഈ വഴിയിലൂടെയുള്ള ചരക്കുകപ്പലുകളുടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതോടെ ബദൽ മാർഗങ്ങൾ തേടേണ്ടി വന്നതിനാൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് 60 ശതമാനത്തിലധികം വർദ്ധിക്കുകയായിരുന്നു.

എണ്ണക്കമ്പനികളുടെയും ജനങ്ങളുടെയും ഭാരം കുറയ്ക്കാൻ മാർച്ച് 27ന് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം കുറച്ചിരുന്നു. എന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വാല്യൂ ആഡഡ് ടാക്സ് (വിഎടി), സെയിൽസ് ടാക്സ് എന്നിവയിലൂടെ വർഷംതോറും ലക്ഷക്കണക്കിന് കോടി രൂപ വരുമാനം നേടുന്ന സംസ്ഥാന സർക്കാരുകൾ ഇതുവരെ നികുതി കുറയ്ക്കാൻ തയ്യാറായിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, PETROL HIKE, LATESTNEWS, FUEL PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360