SignIn
Kerala Kaumudi Online
Monday, 05 October 2026 7.15 PM IST

സുപ്രധാന തീരുമാനങ്ങളിലേക്ക് കടക്കും; പാകിസ്ഥാന് തക്ക മറുപടി നൽകാനൊരുങ്ങി ഇന്ത്യ

READ ENGLISH VERSION

pahalgam

പഹൽഗാം: ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെയാണ് ഇന്ത്യ തക്ക മറുപടി നൽകാനൊരുങ്ങിയിരിക്കുന്നത്. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുളള സൂചന. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഒപ്പം സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്.

29 നിരപരാധികളുടെ ജീവനെടുത്ത ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാസേന പുറത്തുവിട്ടിട്ടുണ്ട്. നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിൽ ആസിഫ് ഫുജി, സുലെെമാൻ ഷാ, അബു തൽഹ എന്നീ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം.

ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കാശ്‌മീരിലുള്ള രണ്ടുപേർ ഉൾപ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിൽ രണ്ടുപേർ വിദേശികളാണെന്നും സംശയിക്കുന്നു. ലഷ്‌കർ ഇ തയ്‌ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് ലഷ്‌കർ ഇ തയ്‌ബയുടെ കമാൻഡർ സെയ്‌ഫുള്ള കസൂരിയാണ് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

ഇന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം പഹൽഗാമിൽ നടന്നത്. 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹിൽ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാളുടെ ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIA, PAKISTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360