
ന്യൂഡൽഹി: രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം. 9269 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ 3795 ഇടങ്ങളിലാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് 3265 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ 2080 സീറ്റുകളിലും വിജയിച്ചു. 309 തദ്ദേശ സ്ഥാപനങ്ങളിലെ 10,245 വാർഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 22% സീറ്റുകളിൽ സ്വതന്ത്രർക്കാണ് വിജയം. ഇവരിൽ പലരും ബി.ജെ.പി, കോൺഗ്രസ് വിമതരാണ്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ തട്ടകമായ ഭരത്പൂരിലെ 65 വാർഡുകളിൽ 36 ഇടത്തും സ്വതന്ത്രർ ജയിച്ചു. ബി.ജെ.പിക്ക് 20 സീറ്റുകൾ മാത്രമാണ് ഇവിടെ നേടാനായത്.
അതേസമയം,സി.പി.എമ്മും ആംആദ്മിയും അടക്കമുള്ള പാർട്ടികൾ 129ൽപ്പരം സീറ്റുകൾ നേടി. ഇതാദ്യമായി സി.പി.എം രാജസ്ഥാനിൽ മുനിസിപ്പാലിറ്റി ഭരണം പിടിച്ചു . ബിക്കാനീറിലെ നോഖ മുനിസിപ്പാലിറ്റിയിലെ 45 വാർഡിൽ 29 എണ്ണത്തിൽ പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചു. 45 സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഒരു സീറ്റിലും ജയിക്കാനായില്ല. ബി.ജെ.പി 13 സീറ്റും സ്വതന്ത്ര സ്ഥാനാർത്ഥികൾ 3 സീറ്റും നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ മൊത്തം 192 വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. 40ൽപ്പരം പേർ വിജയിച്ചുവെന്നാണ് കണക്ക്.
ബാരൻ മുനിസിപ്പാലിറ്റിയിൽ ആംആദ് മി പാർട്ടിക്കാണ് വിജയം. ബാരനിലെ 60ൽ 31 വാർഡുകളിലാണ് ആംആദ്മി ജയിച്ചത്. ഇവിടെ കോൺഗ്രസ് 18,ബി.ജെ.പി 9, സ്വതന്ത്രർ 2 സീറ്റുകൾ നേടി. ആൽവാർ,കോട്ട,ജയ്പൂർ മേഖലകളിൽ ബി.ജെ.പി കരുത്തു കാട്ടി. ഉദയ്പൂരിലും ഭിൽവാരയിലും കോർപറേഷൻ ഭരണം നേടി. അജമേറിലും പാലിയിലും കോൺഗ്രസിനാണ് മേൽക്കൈ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |