SignIn
Kerala Kaumudi Online
Thursday, 16 July 2026 12.16 PM IST

കൈക്കൂലി തടയാൻ വിജയ് സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ പുറത്തുവിട്ടു, പിന്നാലെ കുടുങ്ങിയത് ടിവികെ നേതാവ്

vijay
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കൈക്കൂലിക്കാരെ പൂട്ടാൻ തമിഴ്നാട് സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ പ്രഖ്യാപിച്ചതിനുപിന്നാലെ മുഖ്യമന്ത്രി വിജയ്‌യുടെ സ്വന്തം പാർട്ടിക്കാരൻ കൈക്കൂലി ആരോപണത്തിൽ കുടുങ്ങി. മാമ്പാക്കം പഞ്ചായത്ത് യൂണിയൻ വൈസ് പ്രസിഡന്റും ടിവികെ ചെങ്കൽപ്പെട്ട് ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എൻ വീരയ്ക്കെതിരെയാണ് ആരോപണം ഉയർന്നത്. ഇയാൾ കോൺട്രാക്ടറിൽ നിന്ന് മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കോൺട്രാക്ടർ ഒരുലക്ഷം രൂപ നൽകിക്കഴിഞ്ഞെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇയാൾക്കെതിരെ പൊലീസ് എന്തെങ്കിലും നടപടി എടുത്തോ എന്ന് വ്യക്തമല്ല.

കഴിഞ്ഞദിവസമാണ് പൊതുജനങ്ങൾക്ക് പരാതികൾ വാട്‌സാപ്പ് സന്ദേശത്തിലൂടെ വിജിലൻസിനെ അറിയിക്കാനായി 9498180936 എന്ന നമ്പർ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചത്. വാട്‌സാപ്പിന് പുറമെ 044- 22321090, 22321085, 22310989, 22342142 എന്നീ നമ്പറുകളിൽ വിളിച്ചും ,dvac@nic.in എന്ന ഇമെയിൽ ഐഡിയിലൂടെയും ഡിവിഎസി, നമ്പ‌ർ 293, എംകെഎൻ റോഡ്, അലന്തൂർ, ചെന്നൈ 600016 എന്ന വിലാസത്തിൽ കത്ത് മുഖേനയും പരാതി അറിയിക്കാം എന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. ഹെൽപ്പ് ലൈൻ നമ്പറും ബോധവത്കരണ സന്ദേശവും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന തരത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

'കൈക്കൂലി കൊടുക്കുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്' എന്ന വാക്യം ഇംഗ്ളീഷിലും തമിഴിലും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രദർശിപ്പിക്കണമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി എം സായ് കുമാ‌ർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. എല്ലാ സർക്കാർ വകുപ്പുകളിലെയും മേധാവികൾക്കും കളക്ടർമാർക്കും ജില്ലാ തല ഓഫീസർമാർക്കുമായാണ് സർക്കുലർ നൽകിയത്. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലാ കളക്‌ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അഴിമതി വിരുദ്ധ നോട്ടീസ് ബോർഡുകൾ പ്രദ‌ർശിപ്പിക്കാൻ മുൻ സർക്കാരുകൾ നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതായി സർക്കുലറിൽ പറയുന്നു. ചില ഓഫീസുകളിലും വകുപ്പുകളിലും ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നില്ലെന്നും പൊതുസ്ഥലങ്ങളിൽ നോട്ടീസ് ബോർഡുകൾ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിട്ടില്ലെന്നും ഈ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നാണ് സർക്കുലറിൽ പറയുന്നത്.

English Summary

Shortly after the Tamil Nadu government announced a helpline to report bribery, a leader from Chief Minister Vijay's own party has come under corruption allegations. N. Veera, Vice President of the Mambakkam Panchayat Union and Joint Secretary of TVK's Chengalpattu East district unit, has been accused of demanding a bribe. The incident has sparked political attention as the government continues its anti-corruption campaign.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY GOVERNMENT, TVK LEADER, BRIBERY COMPLAINT, VIJAY HELPLINE, TVK NETHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360