അറ്റ്ലാന്റ: ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ഫിഫ ലോകകപ്പ് ഫൈനലിൽ. 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ്. ഏഴുമിനിട്ടിനുള്ളിൽ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയിൽ മെസിപ്പട അടിച്ചുകയറ്റിയത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു. 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോൾ കുറിച്ചു.
ചിരവൈരികൾ നേർക്കുനേർ പോരാടിയ സെമിയിലെ ആദ്യ പകുതി ഗോൾ രഹിതവും ഫൗളുകളും തർക്കങ്ങളും നിറഞ്ഞതായിരുന്നു. ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ എലിയട്ട് ആൻഡേഴ്സണും അർജന്റീനയുടെ ലിസാൻഡ്രൊ മാർട്ടിനസും മഞ്ഞക്കാർഡ്കണ്ടു. ആദ്യ പകുതിയിൽ അർജന്റീനയുടെ ഭാഗത്ത് നിന്ന് 12ഉം ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് 7 ഫൗളുകളുമുണ്ടായി. ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. 7-ാം മിനിട്ടിൽ അവർക്ക് കോർണർ കിട്ടിയെങ്കിലും മുതലാക്കാനായില്ല. തുടർന്ന് അർജന്റീനയും ആക്രമണങ്ങൾ മെനഞ്ഞു. ആദ്യ 30 മിനിട്ടിൽ ഒരു ഷോട്ട് പോലും ഇരുടീമിന്റെയും ഭാഗത്തു നിന്നുണ്ടായില്ല.
മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് സെമിക്കിറങ്ങിയത്. ക്വാർട്ടറിൽ നോർവെക്കെതിരെ തുടക്കത്തിൽ ഇറങ്ങിയ നോനി മദുവെ, നിക്കൊ ഒറെയ്ലി, എസ്രി കൊൻസ എന്നിവർക്ക് പകരം മോർഗൻ റോജേഴ്സ്, റീസ് ജെയംസ്, ജെഡ് സ്പെൻസ് എന്നിവർക്ക് ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷ്യൽ സെമിയിൽ ആദ്യ ഇലവനിൽ ഇടം നേടി. അർജന്റീന ടീം ഒരു മാറ്റവുമായാണ് ഇറങ്ങിയത്. റോഡ്രിഗോ ഡി പോളിന് പകരം ജിയൂലിയാനൊ സിമിയോണി ആദ്യ ഇലവനിൽഎത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |