
ന്യൂഡൽഹി: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഒമ്പത് നോട്ടീസുകൾ അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). 2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമപ്രകാരമുള്ള ലംഘനങ്ങളാണ് പരാതികളിൽ ചൂണ്ടിക്കാണിക്കുന്നതെന്ന് റെഗുലേറ്റർ അറിയിച്ചു.
ക്വിക്ക്‌കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഉപഭോക്താക്കൾക്ക് കാലാവധി കഴിഞ്ഞതും, ചീഞ്ഞതും, മലിനമായതുമായ ഭക്ഷ്യവസ്തുക്കൾ ലഭിച്ചുവെന്നാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്ന പ്രധാന പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും എഫ്എസ്എസ്എഐ നൽകിയിട്ടുണ്ട്.
ഹെൽത്തിഫൈ വേ പ്രോട്ടീൻ, നോയ്സ് ഹോംസ്റ്റൈൽ മദ്രാസ് മിക്സ്ചർ എന്നിവ കാലാവധി കഴിഞ്ഞതിന് ശേഷം വിതരണം ചെയ്തതായ പരാതികളും നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്. മറ്റൊരു പരാതിയിൽ മുട്ടകൾ കാലാവധി കഴിഞ്ഞതും ചീഞ്ഞതുമായ അവസ്ഥയിൽ വിതരണം ചെയ്തതായും, ദുർഗന്ധം വമിക്കുന്നതായും ആരോപിക്കപ്പെടുന്നു. ചിലർ പരാതികൾ ഉന്നയിച്ചിട്ട് അതിന് കൃതമായ മറുപടിയോ പരിഹാരമോ ലഭിച്ചില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. ചില പരാതികൾ പരിഹരിക്കാതെ പണം മാത്രം തിരികെ നൽകുകയാണ് ചെയ്യുന്നതെന്നും ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |