
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന 'തായ് മാമൻ തങ്കമോതിരം' പദ്ധതിക്ക് തുടക്കം. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളെ കൈയിലെടുത്ത് ലാളിച്ച വിജയ് ആശുപത്രിയിലെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്, കല്യാൺ ഗ്രൂപ്പ് പദ്ധതിയുടെ ഭാഗമാണ്. പദ്ധതിക്കായുള്ള ആദ്യ ബാച്ച് സ്വർണ മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു നവജാത ശിശുക്കൾക്കായി 89,955 മോതിരങ്ങളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കിയത്. 22 കാരറ്റ് സ്വർണത്തിൽ ഒരു ഗ്രാം വീതമുള്ള മോതിരങ്ങളാണിത്. ബി.ഐ.എസ് ഹാൾമാർക്കിനൊപ്പം എച്ച്.യു.ഐ.ഡി നമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |