
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള പ്രണയം അളക്കാനാവുന്നതിലുമപ്പുറമാണ്. വില ഉയർന്നാലും കുറഞ്ഞാലും സ്വർണം വാങ്ങുന്നതിനോട് ഇന്ത്യക്കാർ നോ പറയാറില്ല. എന്നിരുന്നാലും രാജ്യത്തുടനീളമുള്ള വീടുകളിൽ ഉപയോഗിക്കാത്ത സ്വർണം കെട്ടിക്കിടക്കുന്നുണ്ട്. പുതുതായി സ്വർണം വാങ്ങാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന സ്വർണം പുനരുപയോഗിക്കണമെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വിദേശത്തുനിന്നുള്ള സ്വർണ ഇറക്കുമതിയെ ആശ്രയിക്കാതെ രാജ്യത്തുള്ളത് തന്നെ ഉപയോഗിക്കാനായിരുന്നു പ്രധാനമന്ത്രി ഉപദേശിച്ചത്.
വ്യവസായ കണക്കുകൾ പ്രകാരം ഏകദേശം 3000 മുതൽ 35000 ടൺ സ്വർണമാണ് (3.8 ട്രില്യൺ ഡോളർ വില) ഇന്ത്യൻ വീടുകളിലും ക്ഷേത്ര ട്രസ്റ്റുകളിലുമായുള്ളത്. ഇതിൽ ഭൂരിഭാഗവും ലോക്കറുകളിലും അലമാരകളിലും നിലവറകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ചെറിയൊരു അളവെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് ഉപയോഗിക്കപ്പെടുകയാണെങ്കിൽ അതിന്റെ ഫലം വളരെ വലുതായിരിക്കും.
പഴയ ആഭരണങ്ങൾ, തകർന്ന ആഭരണങ്ങൾ, നാണയങ്ങൾ, കട്ടികൾ, വ്യാവസായിക അവശിഷ്ടങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം എന്നിവ ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും ശുദ്ധമായ സ്വർണമാക്കി മാറ്റുന്ന പ്രക്രിയയാണ് സ്വർണ്ണ പുനരുപയോഗം.
ലോഹത്തിന്റെ പരിശുദ്ധി ആദ്യം പരിശോധിക്കുന്നു. പിന്നീട് അത് ഉരുക്കി ശുദ്ധീകരിച്ച് ഉയർന്ന നിലവാരത്തിലേക്ക് മാറ്റുന്നു. പിന്നീടിതുപയോഗിച്ച് പുതിയ ആഭരണങ്ങളും നാണയങ്ങളും നിർമിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയിലെ ആശ്രയത്വം കുറയ്ക്കാൻ സാധിക്കുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 72.4 ബില്യൺ ഡോളർ ആണ് സ്വർണത്തിന്റെ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത്.ഇന്ത്യയിൽ ഉപയോഗിക്കുന്ന സ്വർണത്തിന്റെ വലിയൊരു പങ്കും ഇറക്കുമതി ചെയ്യുന്നവയാണ്. ഇറക്കുമതി ചെയ്യുന്ന ഓരോ ഔൺസ് സ്വർണത്തിനും വിദേശനാണ്യം ആവശ്യമാണ്. ഇത് രാജ്യത്തിന്റെ വ്യാപാര ബാലൻസിലും കറന്റ് അക്കൗണ്ട് കമ്മിയിലും സമ്മർദ്ദം ചെലുത്തുന്നു. ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണ ശേഖരത്തിന്റെ ഒരു ശതമാനം മാത്രം പ്രതിവർഷം പുനരുപയോഗം ചെയ്താൽ, സ്വർണ്ണ ഇറക്കുമതി ഏകദേശം 25-30 ശതമാനം വരെ കുറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |