SignIn
Kerala Kaumudi Online
Saturday, 01 August 2026 9.21 PM IST

150 വർങ്ങൾക്ക് മുമ്പ് ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകം തിരികെ എത്തിച്ചു,​ പിഴ 19 ലക്ഷം

library-book-
1858ൽ പ്രസിദ്ധീകരിച്ച 'ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്' എന്ന ഗ്രീക്ക് ചരിത്ര പുസ്തകം

സിഡ്‌നി: കാലം എത്ര കഴിഞ്ഞാലും എടുത്ത പുസ്തകം തിരികെ നൽകണമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ 150 വർഷം വൈകി ലൈബ്രറിയിലേക്ക് ഒരു പുസ്തകം തിരിച്ചെത്തിയിരിക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?​ അതും വീടിന്റെ അടുപ്പിനിടയിൽ ഒളിപ്പിച്ച നിലയിലാണ് പതിറ്റാണ്ടുകളോളം സൂക്ഷിക്കപ്പെട്ട അവസ്ഥയിൽ പുസ്തകത്തെ കണ്ടെത്താനായത്.

ഓസ്‌ട്രേലിയയിലെ കിയാമ എന്ന തീരദേശ നഗരത്തിലാണ് സംഭവം. വീട് നവീകരിക്കുന്നതിനിടയിലാണ് റോസ് സിമ്മൺസ് എന്നയാൾ പുസ്തകം കണ്ടെത്തുന്നത്. പഴയ വിറക് അടുപ്പിന് പിന്നിൽ അടച്ചുവച്ച ഒരു പെട്ടിക്ക് ഉള്ളിലായിരുന്നു പുസ്തകം ഉണ്ടായിരുന്നത്. തുടർന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച തന്നെ കിയാമയിലെ പബ്ലിക് ലൈബ്രറിക്ക് പുസ്തകം തിരികെ നൽകുകയായിരുന്നു.

ചരിത്രത്തിൽ ആദ്യമാണ് ഇത്രയും പഴക്കമുള്ള ഒരു പുസ്തകം ഇത്രയും കാലത്തിനുശേഷം തിരികെ ലഭിക്കുന്നതെന്ന് ലൈബ്രറി അധികൃതർ വ്യക്തമാക്കി.

കിയാമ ലൈബ്രറിയുടെ ആദ്യകാല ശേഖരത്തിലുള്ളതാണ് പുസ്‌തകം. 1858ൽ പ്രസിദ്ധീകരിച്ച 'ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്' എന്ന ഗ്രീക്ക് ചരിത്ര പുസ്തകമാണ് ഇങ്ങനെ തിരിച്ചെത്തിയത്. 1872ലായിരുന്നു കിയാമ ലൈബ്രറി ആരംഭിച്ചത്. ലൈബ്രറി തുറന്ന് ആദ്യത്തെ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഈ പുസ്തകം കാണാതായതാകാമെന്നാണ് അധികൃതരുടെ അനുമാനം.

വീട് നവീകരിക്കുന്നതിനിടയിൽ പുസ്തകം കണ്ടെത്തിയ റോസ് സിമ്മൺസിന്റെ അഭിപ്രായത്തിൽ, അദ്ദേഹത്തിന്റെ മുത്തശ്ശന്റെ മുത്തശ്ശനായ ജോൺ സിമ്മൺസ് ആയിരിക്കാം അന്നത് എടുത്തത്. ലൈബ്രറി തുറന്ന കാലത്ത് ഇദ്ദേഹമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.


പുസ്തകത്തിന്റെ കവറിനുള്ളിൽ അന്ന് രേഖപ്പെടുത്തിയിരുന്ന നിരക്ക് അനുസരിച്ച് ആഴ്ചയിൽ മൂന്ന് പെൻസ് വെച്ച് പിഴ ഈടാക്കിയിരുന്നെങ്കിൽ, ഇന്നത്തെ കണക്ക് പ്രകാരം ഏകദേശം 19 ലക്ഷം ( 28,000 ഓസ്‌ട്രേലിയൻ ഡോളർ) രൂപ പിഴയായി നൽകേണ്ടി വന്നേനെ. എങ്കിലും 1870കളിലെ രേഖകൾ ഒന്നും നിലവിലില്ലാത്തതിനാൽ യഥാർത്ഥത്തിൽ ഇത് എടുത്തത് ആരാണെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.


ആ കാലഘട്ടത്തിലെ ലൈബ്രറി നിയമങ്ങളും കൗതുകം നിറഞ്ഞതായിരുന്നു. പുസ്തകം വായ്പയെടുക്കുന്ന വീടുകളിൽ വായിക്കാൻ അറിയാവുന്ന കുറഞ്ഞത് ആറ് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. മദ്യപാനികളായ ആർക്കും ലൈബ്രറി സേവനങ്ങൾ നൽകിയിരുന്നില്ല.പുസ്തകം മടക്കി നൽകി കുടിശ്ശിക തീർത്താൽ മാത്രമേ വീണ്ടും വായ്പ ലഭിക്കൂ എന്ന കർശന നിയമവും ഉണ്ടായിരുന്നു. ഈ ഭയം കൊണ്ടായിരിക്കാം പുസ്തകം തിരികെ നൽകാതിരുന്നതെന്ന് ലൈബ്രറി അധികൃതർ തമാശയായി പറയുന്നുണ്ട്. കണ്ടെത്തിയ പുസ്തകം ഇനിമുതൽ ലൈബ്രറിയുടെ തദ്ദേശ ചരിത്ര ശേഖരത്തിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കുമെന്നാണ് ലൈബ്രറി അധികൃതർ പറയുന്നത്.

English Summary

A Greek history book, 'Antiquities of Athens' (1858), was returned to Australia's Kiama Public Library after approximately 150 years. Ross Simmons discovered the book hidden in a fireplace during home renovations and promptly returned it. Library officials confirmed it belonged to their earliest collection, marking a unique historical return for the institution.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OFFBEAT, VIRALNEWS, LATESTNEWS, LIBRARY, FINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360