ലോര്‍ഡ്‌സ് (ലണ്ടന്‍): വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം ഒരു ഓവറും ആറ് വിക്കറ്റും ശേഷിക്കെയാണ് ഓസീസ് വനിതകള്‍ മറികടന്നത്. ഓള്‍റൗണ്ടര്‍ എലീസ് പെറിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്‌ട്രേലിയക്ക് ഓപ്പണര്‍ ജോര്‍ജിയ വോളിന്റെ വിക്കറ്റ് 4(2) ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബെത്ത് മൂണി 22(20) - ഫീബി ലിച്ച്ഫീല്‍ഡ് 24(25) സഖ്യം 50(40) റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരേയും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മടക്കിയപ്പോള്‍ സ്‌കോര്‍ 68ന് മൂന്ന്. എന്നാല്‍ നാലാം വിക്കറ്റില്‍ എലീസ് പെറി 56(38), പുറത്താകാതെ നിന്ന ആഷ്‌ലി ഗാര്‍ഡ്‌നെര്‍ 53*(29) സഖ്യം 57 പന്തുകളില്‍ നിന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ഇന്ത്യന്‍ സ്വപ്‌നങ്ങളെ തല്ലി തകര്‍ക്കുകയായിരുന്നു. ജോര്‍ജിയ വെയര്‍ഹാം 4*(2) പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 56(27) ആണ് ടോപ് സ്‌കോറര്‍. സ്മൃതി മന്ദാന 38(37), ഷഫാലി വര്‍മ്മ 34(26), പരിക്കേറ്റ് മടങ്ങിയ ജമീമ റോഡ്രിഗ്‌സ് 34(28) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. റിച്ച ഘോഷ് 1*(1), ദീപ്തി ശര്‍മ്മ 4*(1) എന്നിവര്‍ പുറത്താകാതെ നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |