SignIn
Kerala Kaumudi Online
Monday, 29 June 2026 12.51 AM IST

ലോകചാമ്പ്യന്‍മാര്‍ക്ക് വൈറ്റ് വാഷ്; രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി, പരമ്പര അയര്‍ലാന്‍ഡിന്

READ ENGLISH VERSION
india-vs-ireland
ഇന്ത്യക്കെതിരായ മത്സരത്തിനിടെ അയര്‍ലാന്‍ഡ് താരങ്ങള്‍

ബെല്‍ഫാസ്റ്റ്: ലോകചാമ്പ്യന്‍മാരുടെ പകിട്ടുമായി എത്തിയ ഇന്ത്യയെ മുട്ടുകുത്തിച്ച് അയര്‍ലാന്‍ഡ്. ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പരയും സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐറിഷ് പോരാളികള്‍. രണ്ടാം മത്സരത്തില്‍ ഒരു റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. പുതിയ നായകനായി അരങ്ങേറിയ ശ്രേയസ് അയ്യര്‍ക്ക് നാണക്കേടോടെയായി തുടക്കം. 2023ന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ ഒരു ടി20 പരമ്പരയില്‍ തോല്‍വി വഴങ്ങുന്നത്.

155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവസാന പന്തില്‍ പ്രിന്‍സ് യാദവ് സിക്‌സര്‍ നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ട് ഓപ്പണര്‍മാരേയും ഗോള്‍ഡന്‍ ഡക്കില്‍ നഷ്ടമായി. സഞ്ജു സാംസണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അഭിഷേക് ശര്‍മ്മ വിക്കറ്റ് കീപ്പര്‍ പിടിച്ച് പുറത്തായി.

മൂന്നാമനായി എത്തിയ ഇഷാന്‍ കിഷന്‍ 12(11), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 10(7) എന്നിവരും പെട്ടെന്ന് പുറത്തായി. തിലക് വര്‍മ്മ 55(46) അര്‍ദ്ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായെങ്കിലും മറുവശത്ത് നിന്ന് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. അക്‌സര്‍ പട്ടേല്‍ 14(18), ശിവം ദൂബെ 20(16) എന്നിവര്‍ നിര്‍ണായക സമയത്ത് പുറത്തായി. അരങ്ങേറ്റ താരം സൂര്യാന്‍ഷ് ഷെഡ്‌ഗെ 1(5) റണ്ണെടുത്ത് മടങ്ങുമ്പോള്‍ 17.5 ഓവറില്‍ 121ന് എട്ട് എന്ന നിലയിലായിരുന്നു ഇന്ത്യ.

10 പന്തുകളില്‍ 21 റണ്‍സെടുത്ത് ഹര്‍ഷിത് റാണ പ്രതീക്ഷ നല്‍കിയെങ്കിലും ജയിക്കാന്‍ രണ്ട് പന്തില്‍ എട്ട് റണ്‍സ് വേണമെന്നിരിക്കെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. അര്‍ഷ്ദീപ് സിംഗ് 4*(5), പ്രിന്‍സ് യാദവ് 6*(1) എന്നിവര്‍ പുറത്താകാതെ നിന്നു. ഐറിഷ് ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത ജയ് മൂണ്‍ട്രയാണ് തിളങ്ങിയത്. മാത്യു ഹോളാര്‍ഡിനും മൂന്ന് വിക്കറ്റ് കിട്ടിയപ്പോള്‍ ഹാരി ടെക്ടര്‍, മാത്യു ഹംഫ്രേസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ സീനിയര്‍ താരം ഹാരി ടെക്ടര്‍ 53(47) ആണ് ടോപ് സ്‌കോറര്‍. ബെഞ്ചമിന്‍ കാളിറ്റ്‌സ് 37(23) ബാറ്റിംഗില്‍ തിളങ്ങി. ഇന്ത്യക്ക് വേണ്ടി പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 2024ല്‍ ലോകചാമ്പ്യന്‍മാരായതിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ ഒരു പരമ്പര കൈവിടുന്നത്. 2021ന് ശേഷം ഇന്ത്യ തോല്‍ക്കുന്ന രണ്ടാമത്തെ മാത്രം പരമ്പരയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIA VS IRELAND, T20I
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360