SignIn
Kerala Kaumudi Online
Sunday, 28 June 2026 10.35 PM IST

ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; പടിയിറങ്ങുന്നത് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ 

READ ENGLISH VERSION
ben-stokes
ബെന്‍ സ്റ്റോക്‌സ്

ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനും ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലാന്‍ഡിനെതിരെ ട്രെന്റ് ബ്രിഡ്ജില്‍ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റ് തന്റെ രാജ്യാന്തര ക്രിക്കറ്റിലെ അവസാന മത്സരമായിരിക്കുമെന്നാണ് 35കാരനായ സ്റ്റോക്‌സ് പ്രഖ്യാപിച്ചത്. മത്സരത്തിന്റെ നാലാം ദിനമായ ഞായറാഴ്ച രാവിലെയാണ് താരം ടീം അംഗങ്ങളെ ഇക്കാര്യം അറിയിച്ചത്.

ഇംഗ്ലീഷ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ബെന്‍ സ്റ്റോക്‌സ് അറിയപ്പെടുന്നത്. 2011ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്റ്റോക്‌സ് 2022 മുതല്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ കൂടിയാണ്. സ്‌റ്റോക്‌സ് ക്യാപ്റ്റനും ബ്രെണ്ടന്‍ മക്കല്ലം പരിശീലകനുമായ കാലത്താണ് വിഖ്യാതമായ ബാസ് ബോള്‍ ശൈലിയിലേക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ടീം മാറിയത്.

2019ല്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായ ലോകകപ്പിലും 2022ലെ ട്വന്റി 20 ലോകകപ്പിലും ടീമിനായി നിര്‍ണായകഘട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്റ്റോക്‌സിനായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഹെഡിംഗ്‌ലിയില്‍ നടന്ന ആഷസ് ടെസ്റ്റില്‍ 11ാമനായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെ വിജയിപ്പിച്ച ഐതിഹാസിക പ്രകടനം ടെസ്റ്റ് ക്രിക്കറ്റില്‍ ലോകം എന്നും ഓര്‍ത്തിരിക്കുന്ന സ്‌റ്റോക്‌സിന്റെ സംഭാവനയാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 2016ല്‍ നടന്ന കേപ്ടൗണ്‍ ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ച്വറി (258 റണ്‍സ്) ആണ് സ്റ്റോക്‌സിന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍. വീരപുരുഷ പരിവേഷത്തിനൊപ്പം ദുരന്തനായകനായും സ്റ്റോക്‌സ് ഇംഗ്ലീഷ് ജേഴ്‌സിയില്‍ അവതരിച്ചു. 2016ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ആണ് സ്റ്റോക്‌സ് വില്ലനായത്. അവസാന ഓവറില്‍ വിജയത്തിലേക്ക് വെസ്റ്റിന്‍ഡീസിന് 17 റണ്‍സ് വേണമെന്നിരിക്കെ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് നാല് സിക്‌സറുകളാണ് സ്‌റ്റോക്‌സിന്റെ ബൗളിംഗില്‍ പറത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BEN STOKES, INTERNATIONAL RETIREMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360