ഗോഹട്ടി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിട്ടും സംതൃപ്‌തിയില്ലെന്ന് പരിശീലകൻ ഗൗതം ഗംഭീർ. ക്രിക്കറ്റെന്നാൽ ബാറ്റിംഗ് മാത്രമല്ലെന്നും ബാറ്റിംഗും ബൗളിംഗും തമ്മിൽ മത്സരം ഉണ്ടാകുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ ക്രിക്കറ്റ് പൂർണമാകുവെന്നും ഗൗതം ഗംഭീർ പറഞ്ഞു. ഗോഹട്ടിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇരുടീമുകളും 400 റൺസ് കടന്നതിനോട് പ്രതികരിക്കുകയായിരുന്നു ഗൗതം ഗംഭീർ.
43.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള 406 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. ശുഭ്‌മാൻ ഗിൽ പുറത്താകാതെ നേടിയ 223 റൺസും രോഹിത് ശർമ്മയുടെ 101 റൺസുമാണ് ഇന്ത്യയുടെ റെക്കോർഡ് വിജയത്തിന് അടിത്തറയിട്ടത്.
'സത്യസന്ധമായി പറഞ്ഞാൽ ബാറ്റിംഗും ബൗളിംഗും തമ്മിൽ കുറച്ചുകൂടി മത്സരം വേണം. ക്രിക്കറ്റെന്ന് പറയുന്നുണ്ടെങ്കിലും ഇന്ന് നടന്നത് ക്രിക്കറ്റല്ല, ബാറ്റിംഗ് മാത്രമാണ്' -മത്സരശേഷം ഗൗതം ഗംഭീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയൊരു പിച്ചിൽ യുവബൗളർമാർക്ക് നീതികിട്ടുന്നില്ലെന്നും ബൗളർമാർക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഇത്തരം വിക്കറ്റിൽ പന്തെറിയുന്ന യുവ ബൗളറെക്കുറിച്ച് ചിന്തിച്ചുനോക്കൂ. എതിരാളികൾ 400 റൺസ് നേടുന്നു. നമ്മൾ അതേ സ്‌കോർ പിന്തുടർന്ന് ജയിക്കുന്നു. റെക്കോർഡുകളുടെ കാര്യത്തിൽ ഇത് മികച്ചതാണ്. കാണികൾക്കും ബ്രോഡ്‌കാസ്റ്റർമാർക്കും ഇത് ആവേശം നൽകും. എന്നാൽ, ഒരു യഥാർത്ഥ ക്രിക്കറ്റ് ആരാധകനും പരിശീലകനുമായ എന്നെ സംബന്ധിച്ചിടത്തോളം ബൗളർമാരോടും സഹതാപം വേണം'- ഗംഭീർ പറഞ്ഞു.
ബൗളർമാരുടെ പ്രകടനം വിലയിരുത്തുമ്പോൾ അവരുടെ ബൗളിംഗ് കണക്കുകൾ മാത്രം നോക്കരുതെന്നും ഗംഭീർ വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ മോശം കണക്കുകൾ ലഭിച്ചാലും ബൗളർമാർ തങ്ങളുടെ പദ്ധതികൾ കൃത്യമായി നടപ്പാക്കിയിട്ടുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച ഔഖിബ് നബിയെപ്പോലുള്ള യുവതാരങ്ങൾക്ക് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India chased down West Indies’ 406-run target in just 43.3 overs, powered by Shubman Gill’s unbeaten 223 and Rohit Sharma’s 101. Despite the eight-wicket win, head coach Gautam Gambhir criticized the batting-friendly pitch, saying bowlers need a fairer contest.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |