SignIn
Kerala Kaumudi Online
Thursday, 01 October 2026 6.35 AM IST

ഇന്നെത്തുന്നു, ബ്രസീൽ

brazil

ഇന്ത്യ-ബ്രസീൽ ഫുട്ബാൾ മത്സരം ശനിയാഴ്ച കൊൽക്കത്തയിൽ

കൊൽക്കത്ത : ഇന്ത്യൻ ഫുട്ബാൾ ആരാധകർ കാത്തിരിക്കുകയാണ്, സാംബ താളവുമായി ഫുട്ബാൾ രാജാക്കന്മാരുടെ വരവിന്. ശനിയാഴ്ച കൊൽക്കത്ത സാൾട്ട്‌ലേക്കിലെ യുവഭാരതി ക്രീഡാംഗണിൽ നടക്കുന്ന ഇന്ത്യയും ബ്രസീലും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി കാനറിപ്പട ഇന്നെത്തും. ചരിത്രത്തിലാദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയുമായി ഫുട്ബാൾ കളിക്കുന്നത്.

അഞ്ച് ലോകകപ്പുകൾ നേടിയിട്ടുള്ള, ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള മഞ്ഞപ്പടയുടെ ഈ ലോകകപ്പിലെ തോൽവിക്ക് ശേഷമുള്ള മൂന്നാം മത്സരമാണ് കൊൽക്കത്തയിൽ നടക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരെ രണ്ട് മത്സരങ്ങൾ കളിച്ചശേഷമാണ് കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീലിയൻ ടീം കൊൽക്കത്തയ്ക്ക് വരുന്നത്. ഓസീസുമായുള്ള ആദ്യ സൗഹൃദ മത്സരം 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.രണ്ടാം മത്സരത്തിൽ ബ്രസീൽ 4-2ന് ജയിച്ചു.

ലോകകപ്പോടെ നെയ്മർ വിരമിച്ചിരുന്നു. സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ തുറുപ്പ് ചീട്ടുകളായ വിനീഷ്യസ് ജൂനിയർ,എൻഡ്രിക്ക്, വെറ്ററൻ താരം ഡാനിലോ, ആഴ്സനൽ താരം ഗബ്രിയേൽ മഗാലേയ്സ്, പാരീസ് എസ്.ജിയുടെ താരം മാർക്വിഞ്ഞോസ് തുടങ്ങിയ മുൻനിര കളിക്കാരുമായാണ് ബ്രസീൽ എത്തുന്നത്. എന്നാൽ ബാഴ്സലോണയുടെ നായകൻ റഫീഞ്ഞ പരിക്കുമൂലം എത്താത്തത് ആരാധകരെ നിരാശരാക്കുന്നു.

ഇന്ത്യയുടെ ഫുട്ബാൾ ചരിത്രത്തിലെതന്നെ ഏറ്റവും മഹനീയമായ മുഹൂർത്തമാണ് കൊൽക്കത്തയിൽ പിറക്കാൻ പോകുന്നത്. ഇന്ത്യ നേരിടുന്ന റാങ്കിംഗിൽ ഏറ്റവും ഉയരത്തിലുള്ള ടീമാകും ബ്രസീൽ. 138-ാം റാങ്കിലാണ് ഇന്ത്യ ഇപ്പോഴുള്ളത്.

എങ്കിലും കഴിഞ്ഞ ദിവസം ബെംഗളുരുവിൽ വച്ച് ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള, കഴിഞ്ഞ ലോകകപ്പിൽ കളിച്ച പാനമയെ 1-1ന് പിടിച്ചുകെട്ടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. ബ്രസീലുമായുള്ള മത്സരത്തിന് ശേഷം ആറാം തീയതി മറ്റൊരു മുൻ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേ ടീമുമായും ഇന്ത്യ കൊൽക്കത്തയിൽ കളിക്കുന്നുണ്ട്.

ഓസ്ട്രേലിയയിൽ നിന്ന് പൗരത്വം മാറിയെത്തിയ റയാൻ വില്ല്യംസാണ് പാനമയ്ക്ക് എതിരെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. മൻവീർ സിംഗ്, മലയാളികളായ ആഷിഖ് കുരുണിയൻ, ബിജോയ് വർഗീസ്,സഹൽ അബ്ദുസമദ് തുടങ്ങി മികച്ച താരനിരയുമായാണ് ഇന്ത്യ ബ്രസീലിനെ നേരിടാൻ ഇറങ്ങുന്നത്. ഖാലിദ് ജമീലാണ് ഇന്ത്യൻ കോച്ച്.

പരിക്ക്, റഫീഞ്ഞ വരുന്നില്ല

ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തിൽ പരിക്കേറ്റ ബ്രസീലിയൻ താരം റഫീഞ്ഞ ഇന്ത്യയിലേക്ക് വരില്ലെന്ന് റിപ്പോർട്ടുകൾ. ആദ്യ പകുതിയിൽ സമനില ഗോൾ നേട‌ിയ റഫീഞ്ഞ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയില്ല. കാലിലെ പേശിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെങ്കിലും വഷളാകാതിരിക്കാനായി റഫീഞ്ഞ ബാഴ്സലോണയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOILIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360