SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

എസ്.ഐ.ആറില്ലാത്തയിടങ്ങളിൽ മാതാപിതാക്കളുടെ പേര് ലിങ്ക് ചെയ്യേണ്ട

r

ന്യൂഡൽഹി: 2002ലെ വോട്ടർപ്പട്ടികയിലുള്ള മാതാപിതാക്കളുടെ പേരുമായി വോട്ടർ ഐ.ഡി ലിങ്ക് ചെയ്യണമെന്ന വ്യവസ്ഥ നിലവിൽ എസ്.ഐ.ആ‌ർ പ്രക്രിയയില്ലാത്ത സംസ്ഥാനങ്ങളിൽ ഒഴിവാക്കി. ചട്ടങ്ങളിൽ ഭേദഗതി വരുത്താതെ ഇത്തരമൊരു വ്യവസ്ഥ ഫോം 6ൽ ഉൾപ്പെടുത്തിയതിൽ കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എതിർത്തിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. എസ്.ഐ.ആർ നടന്ന സംസ്ഥാനങ്ങളിൽ അധിക രേഖയായി 'ഡിക്ലറേഷൻ ഫോം " ആവശ്യപ്പെട്ടിരുന്നുവെന്ന് കമ്മിഷൻ വിശദീകരിച്ചു. എസ്.ഐ.ആർ പ്രക്രിയ പൂർത്തിയായതും ഇനി ആരംഭിക്കാനിരിക്കുന്നതുമായ സംസ്ഥാനങ്ങളിൽ ഇനിയത് ചോദിക്കില്ല. സെപ്‌തംബർ 26ലെ ഫുൾ കമ്മിഷൻ യോഗത്തിലെ തീരുമാനമാണെന്നും കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുകയാണ്. മദ്ധ്യപ്രദേശിൽ ജില്ലാ കളക്‌ടറേറ്റുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഗാന്ധി ജയന്തി ദിനമായ നാളെ കൊൽക്കത്തയിൽ ഇടതു പാർട്ടികൾ പ്രതിഷേധ റാലി സംഘടിപ്പിക്കും. നാളെ മുംബയ് ശിവാജി പാർക്കിൽ സമരം നടത്തുമെന്ന് കോക്രോച്ച് ജനത പാർട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസിന്റെ അനുമതി ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ ജയിൽ നിറയ്‌ക്കൽ സമരം നടത്താനാണ് പാ‌ർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ ആഹ്വാനം. ഇതിനിടെ രാജ്യം വഴി തെറ്രിപോയെങ്കിലും തിരികെ വരാനുള്ള പാത കണ്ടെത്തുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷി പ്രതികരിച്ചു. തിരഞ്ഞെടുപ്പുകളുടെയും എസ്.ഐ.ആർ പ്രക്രിയയുടെയും വിശ്വാസ്യത നിലനിൽക്കണമെന്നും പറഞ്ഞു.

പേരുകൾ

നീക്കുന്നതിൽ ദുരൂഹത

രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബൂത്ത് തല ഏജന്റുമാർക്ക് വോട്ടർപ്പട്ടികയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ അവകാശമുണ്ട്. പേര് നീക്കം ചെയ്യാൻ ഫോം 7 സമർപ്പിക്കാൻ കഴിയും. ഒരു ദിവസം 10 ഫോമുകളാണ് സമർപ്പിക്കാനാകുക. എന്നാൽ ഡൽഹിയിലെ എസ്.ഐ.ആർ പ്രക്രിയയിൽ വഴിവിട്ട നീക്കങ്ങൾ നടക്കുന്നുവെന്ന വിവരം പുറത്തുവന്നു. 2 ദിവസത്തിനിടെ ഒരു ബി.ജെ.പി ഏജന്റ് 35 അപേക്ഷകളാണ് സമർപ്പിച്ചത്. താൻ മരിച്ചുവെന്നും പേര് നീക്കണമെന്നും ആവശ്യപ്പെട്ട് ഒരു രസികനും നൽകി ഫോം 7. ക‌ർണാടകയിൽ വിവിധ മണ്ഡലങ്ങളിലായി 4000ൽപ്പരം പേരുകൾ നീക്കാൻ അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. ഇതിൽ ഭൂരിഭാഗം പേരുകളും മുസ്ലിം സമുദായത്തിൽപ്പെട്ട വോട്ടർമാരുടേതാണെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360