SignIn
Kerala Kaumudi Online
Sunday, 19 July 2026 6.35 PM IST

ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം സ്വന്തമാക്കി പി വി സിന്ധു; 19 മാസത്തെ കാത്തിരിപ്പിന് വിരാമം

READ ENGLISH VERSION
pv-sindhu-downed-akane-ya
പി വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി സിന്ധു. ഇന്ന് രാവിലെ നടന്ന ഫൈനൽ മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അകാനെ യമാഗുച്ചിയെ അവരുടെ സ്വന്തം നാട്ടിൽ പരാജയപ്പെടുത്തിയാണ് സിന്ധു തന്റെ ആദ്യ ജപ്പാൻ ഓപ്പൺ കിരീടം സ്വന്തമാക്കിയത്.

ആദ്യ ഗെയിമിൽ യമാഗുച്ചിയോട് പിന്നിലായിരുന്ന സിന്ധു പിന്നീട് ശക്തമായി തിരിച്ചെത്തുകയായിരുന്നു. 21-14, 21-17 എന്ന സ്‌കോറിനാണ് മുൻ ലോക ചാമ്പ്യനായ സിന്ധു ജാപ്പനീസ് താരത്തെ പരാജയപ്പെടുത്ത‌ിയത്. 2024 ഡിസംബറിൽ ഇന്ത്യയിൽ നടന്ന സയ്യിദ് മോദി ഇന്റർനാഷണൽ കിരീടം നേടി 19 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിന്ധുവിന് ഒരു ടൂർ ലെവൽ കിരീടം ലഭിക്കുന്നത്. ഇത് സിന്ധുവിന്റെ കരിയറിലെ ആദ്യ സൂപ്പർ 750 കിരീടവും 2019ലെ ലോക ചാമ്പ്യൻഷിപ് നേട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ വിജയവുമാണ്.

31കാരിയായ സിന്ധു സെമിഫൈനലിൽ പരിക്കേറ്റ ചെൻ യുഫെയിയെ മറികടന്നാണ് ഫൈനലിൽ എത്തിയത്. കരിയറിൽ അകാനെ യമാഗുച്ചിക്കെതിരെയുള്ള സിന്ധുവിന്റെ 30-ാമത്തെ മത്സരമായിരുന്നു ഇത്. ഈ വർഷം മലേഷ്യൻ ഓപ്പണിൽ ഒരു ഗെയിം പിന്നിട്ടശേഷം യമാഗുച്ചി മത്സരം ഉപേക്ഷിച്ചിരുന്നെങ്കിലും സിന്ധുവിനെതിരെയുള്ള അവസാനത്തെ പത്ത് മത്സരങ്ങളിൽ ഏഴിലും വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ജാപ്പനീസ് താരം ഫൈനലിലിറങ്ങിയത്.

എന്നാൽ, ജപ്പാൻ ഓപ്പണിലെ ആദ്യ ഫൈനൽ മത്സരത്തിൽതന്നെ വിജയം നേടിയ സിന്ധു യമാഗുച്ചിയുമായുള്ള നേർക്കുനേർ പോരാട്ടത്തിൽ മുൻതൂക്കം 16-14 ആയി ഉയർത്തി. അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് പിവി സിന്ധുവായിരിക്കും. ഈ കിരീട നേട്ടം ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യൻ ആരാധകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.

English Summary

PV Sindhu won the Japan Open badminton title by defeating world No. 3 Akane Yamaguchi 21-14, 21-17 in the final. The victory marked Sindhu’s first Super 750 title and her first tour-level championship in 19 months. The former world champion’s impressive comeback ahead of next month’s World Badminton Championships has boosted India’s hopes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PV SINDHU, JAPAN OPEN TITLE, BADMINTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360