SignIn
Kerala Kaumudi Online
Friday, 09 October 2026 8.36 PM IST

മുസ്‌ലിം വോട്ടുകൾ ബിജെപിക്ക്,​ ന്യൂനപക്ഷങ്ങൾ ഞങ്ങളെ തിരിച്ചറിഞ്ഞു,​ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി

suvendu-adhikari-
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിനു പിന്നാലെ ബിജെപിക്ക് മുസ്‌ലിം വോട്ടർമാരിൽനിന്ന് ഗണ്യമായ പിന്തുണ ലഭിച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ന്യൂനപക്ഷ വിഭാഗം ബിജെപിയെ തങ്ങളുടെ സുഹൃത്തുക്കളായി തിരിച്ചറിഞ്ഞെന്നും മുൻ സർക്കാർ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടെന്നും സുവേന്ദു വ്യക്തമാക്കി. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റജിനഗറിൽ ബിജെപിക്ക് വിജയിക്കാനായത് ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ മുൻ സർക്കാർ തങ്ങളെ വഴിതെറ്റിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലെത്തി അഞ്ചുമാസം പിന്നിടുമ്പോഴാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. നന്ദിഗ്രാമിൽ റെക്കാഡ് ഭൂരിപക്ഷം നേടിയ ബിജെപി, മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ റജിനഗറിലും അപ്രതീക്ഷിത വിജയം സ്വന്തമാക്കുകയായിരുന്നു

ഉപതിരഞ്ഞെടുപ്പിലെ വൻ വിജയങ്ങൾ പ്രതിപക്ഷത്തിന്റെ ദൗർബല്യവും തുറന്നുകാട്ടി. ഇരു മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർത്ഥികൾ ഒഴികെയുള്ള എല്ലാവർക്കും കെട്ടിവച്ച തുക നഷ്ടമായി. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി ഹസിറാണി റാത്ത് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ റെക്കാഡ് ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റായിരിക്കെ കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്തിന്റെ മാതാവാണ് ഹസിറാണി റാത്ത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിലാണ് ഈ വിവരം.

2011ൽ ഭൂമി ഏറ്റെടുക്കലിനെതിരായ പ്രക്ഷോഭം തൃണമൂൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് നന്ദിഗ്രാം പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായത്. ഇതോടെ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണത്തിനും അന്ത്യമായി. തുടർന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലം ദേശീയ ശ്രദ്ധ നേടി. അന്ന് സുവേന്ദു അധികാരി മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയതോടെ നന്ദിഗ്രാം സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ കേന്ദ്രമായി മാറി.

English Summary

BJP leader Suvendu Adhikari stated the party received significant Muslim voter support following its by-election victories in West Bengal's Nandigram and Rajnagar. Adhikari claimed minorities now recognize BJP as friends, realizing the former government misled them. BJP secured an unexpected win in Muslim-majority Rajnagar, while Nandigram saw a record majority. These successes also highlighted the opposition's weakness.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUVENDHU ADHIKARI, WEST BENGAL, TMC, BJP, BYELECTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360