SignIn
Kerala Kaumudi Online
Friday, 09 October 2026 4.11 PM IST

'ഇന്ത്യയെ ആ രീതിയിൽ ചിത്രീകരിക്കരുത്'; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് ജാപ്പനീസ് യുവതി

hikarusan
ഹികാരുസാൻ

മുബയ്: ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന സോഷ്യൽ മീഡിയാ പ്രചാരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ‌ജാപ്പനീസ് കണ്ടന്റ് ക്രിയേറ്ററായ ഹികാരു സാൻ. എട്ട് മാസമായി മുംബയിൽ താമസിക്കുന്ന തനിക്ക് ഇന്ത്യൻ സംസ്‌കാരവും ഇവിടത്തെ ജനങ്ങളും പുതിയ കാഴ്‌ചപ്പാടുകൾ നൽകിയെന്ന് ഹികാരു സാൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇന്ത്യൻ ജീവിതം സമ്മാനിച്ച അനുഭവങ്ങളെക്കുറിച്ച് യുവതി വിവരിച്ചത്.

ഇന്ത്യയെ വൃത്തിഹീനവും ദാരിദ്ര്യം നിറഞ്ഞതുമായ രാജ്യമാക്കി ചിത്രീകരിക്കുന്ന നിരവധി വീഡിയോകൾ അടുത്തിടെയായി തന്റെ ശ്രദ്ധയിൽപ്പെട്ടെന്ന് യുവതി പറഞ്ഞു. എന്നാൽ, ഇത്തരം ദൃശ്യങ്ങൾ രാജ്യത്തിന്റെ പൂർണമായ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഹികാരു സാൻ ചൂണ്ടിക്കാട്ടി. ഓരോ രാജ്യത്തിനും അതിന്റേതായ സവിശേഷതകളും പരിമിതികളുമുണ്ടെന്ന് അവർ പറഞ്ഞു. മാലിന്യപ്രശ്‌നങ്ങൾ ഇന്ത്യയിൽ മാത്രമുള്ളതല്ലെന്നും ജപ്പാനിലെ ചില പ്രദേശങ്ങളിലും ഇതേ പ്രശ്‌നങ്ങൾ കാണാനാകുമെന്നും അവർ വ്യക്തമാക്കി.

ഇന്ത്യയുടെ സൗന്ദര്യത്തെയും സംസ്‌കാരത്തെയും രുചിവൈവിദ്ധ്യങ്ങളെയും ജനങ്ങളെയും പ്രശംസിച്ച ഹികാരു സാൻ രാജ്യത്തെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന പോസ്റ്റുകൾക്കെതിരെയും വിമർശനമുന്നയിച്ചു. സോഷ്യൽ മീഡിയയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തെക്കുറിച്ച് വിലയിരുത്തൽ നടത്തരുതെന്നും നേരിട്ടെത്തി അനുഭവങ്ങൾ മനസിലാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ഇന്ത്യയുടെ ജീവിതം വ്യക്തിപരമായ കാഴ്‌ചപ്പാടുകളിൽ മാറ്റമുണ്ടാക്കിയതായും ഹികാരു സെൻ പറ‌ഞ്ഞു. കേടായ വസ്‌തുക്കൾ ഉപേക്ഷിക്കുന്നതിന് പകരം അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുന്ന പ്രവണത ഇന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടതായി അവർ വ്യക്തമാക്കി. ഈ അനുഭവത്തെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തിയാണ് അവർ വിശദീകരിച്ചത്. കേടായ വസ്‌തുക്കൾക്ക് അറ്റകുറ്റപ്പണിയിലൂടെ പുതിയ ജീവിതം നൽകാൻ കഴിയുന്നതുപോലെ മനുഷ്യർക്കും സ്വയം മാറാനും മെച്ചപ്പെടുത്താനും കഴിയുമെന്ന് ഇന്ത്യയിലെ അനുഭവം തന്നെ പഠിപ്പിച്ചെന്നും യുവതി കൂട്ടിച്ചേർത്തു.

English Summary

Japanese creator Hikaru San, living in Mumbai for eight months, criticized negative social media portrayals of India and praised its culture, people, and diversity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOCIAL MEDIA PROPOGANDA AGAINST INDIA, JAPANESE WOMAN, BEAUTY OF INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360