
തിരുവല്ല: മുൻ അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ താരവും പ്രശസ്ത പരിശീലകനുമായ കല്ലൂപ്പാറ കൊച്ചുപറമ്പിൽ (അലക്സ് വില്ല) കെ.വി. അലക്സാണ്ടർ അന്തരിച്ചു. 84 വയസായിരുന്നു.
ഇന്നലെ രാവിലെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലായിക്കുന്നു അന്ത്യം. കായിക ലോകത്ത് 'അലക്സ് സർ' എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്ന അദ്ദേഹം ഇന്ത്യൻ വ്യോമസേനയിലെ 13 വർഷത്തെ സേവനത്തിന് ശേഷമാണ് പൂർണസമയ കായിക പരിശീലകനായി മാറിയത്.
എഴുപതുകളിലും എൺപതുകളിലും വ്യോമസേനാ ബാസ്കറ്റ്ബോൾ ടീമിനെ ദേശീയ-സർവീസ് ചാമ്പ്യൻഷിപ്പുകളിൽ കിരീടവിജയങ്ങളിലേക്ക് നയിച്ച അക്സാണ്ടർ കായികരംഗത്തെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കായികക്ഷമതാ പദ്ധതികൾ പിന്നീട് സൈനിക സ്പോർട്സ് ക്യാമ്പുകളുടെ ഔദ്യോഗിക പരിശീലന അടിത്തറയായി മാറി. 1973-ൽ ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് അദ്ദേഹം കളത്തിലിറങ്ങിയിരുന്നു.
വ്യോമസേനയിൽ നിന്ന് വിരമിച്ച ശേഷം സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ചേർന്ന അദ്ദേഹം മികച്ച ഒരു കായിക ഭരണ തന്ത്രജ്ഞനായി കായിക ചരിത്രത്തിൽ ഇടംനേടി. എറണാകുളം സെന്റ് തെരേസാസ് കോളേജ് (എം.ജി സർവകലാശാല ചാമ്പ്യൻഷിപ്പ് വിജയികൾ), ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് എന്നിവടങ്ങളിലെ അദ്ദേഹത്തിന്റെ പരിശീലന കാലയളവ് വലിയ നേട്ടങ്ങളുണ്ടാക്കി. 1984-ൽ കട്ടക്കിൽ നടന്ന സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള സീനിയർ വനിതാ ടീമിന് ചരിത്രത്തിലാദ്യമായി ദേശീയ കിരീടം നേടിക്കൊടുത്തത് അലക്സാണ്ടറുടെ പരിശീലന മികവായിരുന്നു. പ്രസന്ന ജയശങ്കർ, രാജി തമ്പി തുടങ്ങിയ ഒട്ടെറെ പ്രശസ്ത അന്താരാഷ്ട്ര താരങ്ങളെ വാർത്തെടുത്തു. കേരള പൊലീസ് ടീമിന് ആദ്യ ഫെഡറേഷൻ കപ്പ് നേടിക്കൊടുത്തു. ഇന്ത്യൻ ജൂനിയർ ടീമിനെ ജപ്പാൻ പര്യടനത്തിൽ പരിശീലിപ്പിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പുഷ്പഗിരി മെഡിക്കൽ കോളേജ് ടീമിനെയും തിരുവല്ല വൈ.എം.സി.എ സമ്മർ ക്യാമ്പുകളും അദ്ദേഹം സജീവമായി നയിച്ചു. സെജിൻ മാത്യു, ജോഷ്വ സുനിൽ, അർജുൻ തുടങ്ങിയ നിലവിലെ ദേശീയ ജൂനിയർ താരങ്ങളെ കണ്ടെത്തി.
ഭാര്യ: അമ്മിണി. മക്കൾ: ആശ, അഞ്ചു. മരുമക്കൾ: അബി, ടെന്നി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |