
എതിരാളികൾ വെയിൽസ്, 4.30 pm മുതൽ സ്റ്റാർസ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും ഡിഡി സ്പോർട്സിലും ലൈവ്
ആംസ്റ്റൽവീൻ : 51 വർഷത്തിന് ശേഷം ഹോക്കി ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഹർമൻപ്രീത് സിംഗിന്റേയും കൂട്ടരുടേയും പോരാട്ടം ഇന്ന് തുടങ്ങുകയാണ്. ബെൽജിയത്തിലും നെതർലാൻഡ്സിലുമായി നടക്കുന്ന 16-ാമത് ലോകകപ്പിലെ ഉദ്ഘാടനമത്സരത്തിൽ ഇന്ത്യൻ പുരുഷ ടീമിന്റെ എതിരാളികൾ വെയിൽസാണ്. പ്രാഥമിക റൗണ്ടിലെ ഇന്ത്യയുൾപ്പെടുന്ന ഡി ഗ്രൂപ്പിലെ മറ്റ് ടീമുകൾ പാകിസ്ഥാനും ഇംഗ്ളണ്ടുമാണ്.
നാലുഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ രണ്ടാം റൗണ്ടിലേക്ക് കടക്കും. എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന രണ്ടാ റൗണ്ടിൽ നിന്ന് നാലുടീമുകൾ സെമിയിലെത്തും. 17ന് ഇംഗ്ളണ്ടിനെയും 19ന് പാകിസ്ഥാനെയും നേരിടും. ഗ്രൂപ്പ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനത്തിനുള്ളിലെത്തുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യൻ കോച്ച് ക്രെയ്ഗ് ഫുൾട്ടൺ പറയുന്നു.
പരിചയസമ്പന്നനായ ഹർമൻ പ്രീത് സിംഗിന്റെ നേതൃത്വത്തിൽ കരുത്തുറ്റ 20 അംഗ ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മൻദീപ് സിംഗ്, ദിൽപ്രീത് സിംഗ്, ശിലാനന്ദ് ലക്ര,ഹാർദിക് സിംഗ്, വിവേക് പ്രസാദ് സാഗർ, നീലകണ്ഠശർമ്മ,മൻപ്രീത് സിംഗ്,അമിത് രോഹിതാസ്,ജർമെൻപ്രീത് സിംഗ് തുടങ്ങിയവരാണ് ഇന്ത്യൻ നിരയിലെകരുത്തർ.മോഹിതും സുരാജ് കർക്കേറയുമാണ് ഗോൾ കീപ്പർമാർ.ദക്ഷിണാഫ്രിക്കയുടെ മുൻ ഒളിമ്പ്യനായ ഫുൾട്ടന് കീഴിൽ പരിശീലന ക്യാമ്പിനുശേഷമാണ് ഇന്ത്യൻ ടീം നെതർലാൻഡ്സിലേക്ക് തിരിച്ചത്.
പുരുഷ ലോകകപ്പിന് സമാന്തരമായി വനിതാ ലോകകപ്പും ബെൽജിയത്തിലും നെതർലാൻഡ്സിലുമായി നടക്കും. വനിതാ വിഭാഗത്തിൽ ഞായറാഴ്ച ചൈനയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 18ന് ദക്ഷിണാഫ്രിക്കയേയും 20ന് ഇംഗ്ളണ്ടിനെയും നേരിടും.ഡി ഗ്രൂപ്പിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമൊപ്പം ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയും മാറ്റുരയ്ക്കും.ശാലിമ ടിറ്റെയാണ് ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ. പരിചയസമ്പന്നയായ സവിതയാണ് ഒന്നാം നമ്പർ ഗോളി.ഇഷിക ചൗധരി,സുശീല ചാനു,നിക്കി പ്രധാൻ, സാക്ഷി ചൗധരി,ലാൽ റെംസിയാമി,ദീപിക,നവ്നീത് കൗർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഡച്ചുകാരനായ സോയ്ദ് മാരിനെയെ കോച്ചായി തിരിച്ചുവിളിച്ചാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.
1975ലാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ആദ്യമായും അവസാനമായും ഹോക്കി ലോകകപ്പ് നേടിയത്. മലേഷ്യയിൽ നടന്ന ആ ലോകകപ്പിന്റെ ഫൈനലിൽ 2-1ന് പാകിസ്ഥാനെയാണ് തോൽപ്പിച്ചത്. ഇന്ത്യൻ വനിതാ ടീമിന് ഇതുവരെ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല.
ഇത് രണ്ടാം വട്ടമാണ് ഹർമൻപ്രീത് സിംഗ് ഇന്ത്യയെ ലോകകപ്പിൽ നയിക്കുന്നത്.ഇതിന് മുമ്പ് രണ്ട് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച ഏകതാരം അജിത് പാൽ സിംഗാണ്. 1971ലും 75ലും. 75ൽ അജിത് പാലിന്റെ നേതൃത്വത്തിൽ ലോകകപ്പും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |