SignIn
Kerala Kaumudi Online
Thursday, 20 August 2026 10.39 AM IST

മാനവ വിജയം!

s

ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയെ 165 റൺസിന് കീഴടക്കി ഇന്ത്യ

അവസാനദിനം ലങ്കയെ കറക്കി വീഴ്‌ത്തിയത് മാനവ് സുതർ

മലയാളിതാരം ദേവ്ദത്ത് പടിക്കൽ കളിയിലെ താരം

ഗാൾ: ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്രിൽ ഇന്ത്യയ്ക്ക് 165 റൺസിന്റെ ഗംഭീര ജയം. പത്ത് പന്തുകൾക്കിടെ ലങ്കയുടെ അവസാന നാല് വിക്കറ്റുകൾ വീഴ്‌ത്തി മസ്മരിക ബൗളിംഗ് കാഴ്‌ചവച്ച യുസ്പിന്നർ മാനവ് സുതാറാണ് മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇന്ത്യ ഉയർത്തിയ 372റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് 84/4 എന്ന് നിലയിൽ മത്സരത്തിന്റെ അവസാനദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്ക ലഞ്ചിന് തൊട്ടുപിന്നാലെ 206 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സ്കോർ: ഇന്ത്യ 462/10,​ 193/10. ശ്രീലങ്ക 284/10,​ 206/10. ഇന്നലത്തെ നാല് വിക്കറ്രുൾപ്പെടെ ലങ്കയുടെ രണ്ടാം ഇന്നിംഗ്സിൽ മാനവ് 6 വിക്കറ്ര് വീഴ്‌ത്തി.

ആദ്യഇന്നിംഗ്സിലെ സെ‌ഞ്ച്വറി ഉൾപ്പെടെ മികച്ച ബാറ്റിംഗ് കാഴ്‌ചവച്ച മറുനാടൻ മലയാളി താരം ദേവ്‌ദത്ത് പടിക്കലാണ് മത്സരത്തിലെ താരം. ജയത്തോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പിച്ച ഇന്ത്യയ്ക്ക് ലോകടെസ്റ്ര് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാനുമായി ഈ ജയത്തോടെ.

അ‌ഞ്ചാം ദിനം

ഇന്നലെ തുടക്കത്തിൽ ലങ്കൻ ക്യാപ്ടൻ ധനഞ്ജയ ഡിസിൽവയും (59)​,​ സോനൽ ദിനുഷയും (84)​ മികച്ച പ്രതിരോധം കാഴ്‌ചവച്ചത് ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരുന്നു. എൽ.ബി.ഡബ്ല്യു അപ്പീലുകൾ അതിജീവിച്ച് ഈ കൂട്ടുകെട്ട് ഇന്നലെ ഇരുപത്തിരണ്ട് ഓറോളം പിടിച്ചു നിന്നു. അഞ്ചാം വിക്കറ്രിൽ 202 പന്തിൽ 95 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

ബ്രേക്ക് ത്രൂ ജഡ്ഡു

ലങ്കൻ സഖ്യംനിലയുറപ്പിക്കുന്നതിനിടെ ധന‌ഞ്ജയയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. ജഡേജയ്ക്ക് എതിരെ അനാവശ്യ പാഡിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച ധനഞ്ജയ ഷോട്ട് ഫൈൻ ലെഗ്ഗിൽ മാനവ് സുതർ പിടിച്ചാണ് പുറത്തായത്. പിന്നാലെ നിരോഷൻ ഡക്‌വെല്ലയെ (10)​ പ്രസിദ്ധ് കൃഷ്‌ണ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈയിൽ എത്തിച്ചതോടെ ഇന്ത്യ പിടിമുറുക്കി.

മാനവ് മായാജാലം

ലഞ്ചിന് പിരിയുമ്പോൾ ശ്രീലങ്ക 175/6 എന്ന നിലയിൽ ആയിരുന്നു ശ്രീലങ്ക. ഉച്ചഭക്ഷണത്തിന് ശേഷം കളിപുനരാരംഭിച്ചതോടെ മാനവ് സുതർ മാസ്മരിക സ്പിൻ ബൗളിംഗുമായി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ലങ്കൻ ഇന്നിംഗ്സിലെ 76-ാം ഓവറിൽ മാനവ് മൂന്ന് വിക്കറ്രാണ് വീഴ്‌ത്തിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ദിനുഷയെ ജുറലിന്റെ കൈകളിൽ എത്തിച്ച സുതാർ, തൊട്ടടുത്ത പന്തിൽ പ്രഭാത് ജയസൂര്യയെ (0)​ ക്ലീൻ ബൗൾഡാക്കി. ആ ഓവറിലെ അവസാന പന്തിൽ ലഹിരു കുമാരയെ (0)​ മാനവ് വീക്കറ്ര് കീപ്പർ റിഷഭ് പന്തിന്റെ കൈയിൽ ഒതുക്കി. തന്റെ അടുത്ത ഓവറിൽ കേശര നുവാന്തയെ (20)​ ക്ലീൻ ബൗൾഡാക്കി മാനവ് ഇന്ത്യയുടെ ജയമുറപ്പിച്ചു. അസിത ഫെർണാണ്ടോ (0)​നോട്ടൗട്ടായി. വെറും 7 റൺസ് എടുക്കുന്നതിനിടയിലാണ് ലങ്കയ്ക്ക് അവസാന 4 വിക്കറ്രുകൾ നഷ്ടമായത്. കളി കഴിഞ്ഞ് അഞ്ച് മിനിറ്റിനകം ഗാളിൽ കനത്ത മഴ പെയ്തതു കൊണ്ടുതന്നെ ലങ്കൻ വാലറ്റത്തെ വേഗത്തിൽ ചുരുട്ടിക്കെട്ടിയ സുതാറിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിർണായകമായി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയും മത്സരം ഞായറാഴ്ച മുതൽ കൊളംബോയിൽ നടക്കും.

600- ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരമായിരുന്നു ഇത്. 600 -ാം ടെസ്റ്റ് മത്സരത്തിൽ വിജയം നേടാനായതുപോലെ മുൻപ് 300,​400,​500 ടെസ്റ്റുകളിലും ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യയുടെ 188-ാം ടെസ്റ്ര് മത്സരവിജയമാണിത്.

6- ശ്രീലങ്കയിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ടെസ്റ്ര് വിജയമാണിത്,​ ഇംഗ്ലണ്ടിനൊപ്പം ശ്രീലങ്കയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്ര് വിജയങ്ങൾ നേടുന്ന ടീമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് എതിരെ അവസാനം കളച്ച 11 ടെസ്റ്റുകളിലും ഇന്ത്യ തോറ്റിട്ടില്ല.

10/131- ശ്രീലങ്കയിൽ ടെസ്റ്റിൽ ഒരിന്ത്യൻ താരത്തിന്റെ ഏറ്രവും മികച്ച ബൗളിംഗ് പ്രകടനമാണ് മത്സരത്തിലേത്. നാട്ടിലും വിദേശത്തും അരങ്ങേറ്റ ടെസ്റ്രുകളിൽ 5 വിക്കറ്ര് നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് മാനവ്. കളിച്ച രണ്ട് ടെസ്റ്റുകളിൽ നിന്നായി മാനവ് നേടിയത് 17 വിക്കറ്റുകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360