
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയും മത്സരത്തിന് ഇന്ന് കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ തുടക്കമാകും. രാവിലെ 10 മുതലാണ് മത്സരം. ഗാളിൽ നടന്ന ആദ്യ ടെസ്റ്റിൽ 165 റൺസിന്റെ വമ്പൻ ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കൊളംബോയിൽ ഇറങ്ങുന്നത്. 1-0ത്തിന് മുന്നിലുള്ള ഇന്ത്യയ്ക്ക് രണ്ടാം മത്സരം സമനിലയായാൽ പോലും പരമ്പര സ്വന്തമാക്കാം. ലോകടെസ്റ്ര് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമായി നിലനിറുത്താൻ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും ജയം അനിവാര്യമാണ്. മറുവശത്ത് ജയം നേടി പരമ്പര സമനിലയാക്കുകയാണ് ആതിഥേയരായ ലങ്കയുടെ ലക്ഷ്യം.
സ്പിൻ
നിർണായകം
കൊളംബോയിലെ എസ്.എസ്.സി ഗ്രൗണ്ട് പൊതുവെ ബാറ്റർമാരെ തുണയ്ക്കുന്ന ഫ്ലാറ്റ് ട്രാക്ക് ആണ്. ടോസ് ജയിക്കുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ 3 ടെസ്റ്റുകളിൽ ഇവിടെ ഫാസ്റ്റ് ബൗളർമാരേക്കാൾ സ്പിന്നർമാരാണ് മികച്ച പ്രകടനം നടത്തിയത്.45 വിക്കറ്റുകൾ സ്പിന്നർമാർ നേടി. ഗാളിലെപ്പോലെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ സ്പിൻ നിർണായകമാകും.
ടീം ന്യൂസ്
ഇന്ത്യ -ആദ്യ മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയും (167 റൺസ്), രണ്ടാം ഇന്നിംഗ്ൽസിൽ 6 വിക്കറ്റ് (മത്സരത്തിൽ ആകെ 10 വിക്കറ്റ്) വീഴ്ത്തിയ യുവ സ്പിന്നർ മാനവ് സുതറിന്റെ പ്രകടനവുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓഫ് സ്പിന്നർ സാരാംശ് ജെയിൻഅരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.
സാധ്യതാ ടീം -യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, ശുഭ്മൻ ഗിൽ, ധ്രുവ് ജുറെൽ, ഋഷഭ് പന്ത് , രവീന്ദ്ര ജഡേജ, മാനവ് സുതർ, കുൽദീപ് യാദവ്/സാരാംശ് ജെയിൻ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ശ്രീലങ്ക- മോശം ഫോമിലുള്ള ഓപ്പണർ നിഷാൻ മധുഷ്കയ്ക്ക് പകരം കാമിൽ മിഷാര ടീമിലെത്തിയേക്കും. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ സോണൽ ദിനൂഷയിലാണ് ആതിഥേയരുടെ പ്രതീക്ഷ.
സാധ്യതാ ടീം- കാമിൽ മിഷാര, ലഹിരു ഉദാര, പസിന്ദു സൂരിയബണ്ഡാര, കാമിന്ദു മെൻഡിസ്, ധനഞ്ജയ ഡി സിൽവ , സോണൽ ദിനൂഷ, നിരോഷൻ ഡിക്വെല്ല, കേശര നുവാന്ത, പ്രബാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |