
തിരുവനന്തപുരം : കഴിഞ്ഞ വർഷങ്ങളിലെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കായിക പുരസ്കാരങ്ങൾ നിശ്ചയിച്ചതിൽ അഴിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും വിജിലൻസിനും പരാതി. 2020-21മുതലുള്ള വർഷങ്ങളിലെ മികച്ച കായിക താരങ്ങൾക്കും പരിശീലകർക്കും മാദ്ധ്യമപ്രവർത്തകർക്കും ഗ്രന്ഥകർത്താക്കൾക്കുമുള്ള പുരസ്കാരങ്ങൾ ഒരുമിച്ചാണ് കഴിഞ്ഞ ഭരണ സമിതി ഈ വർഷം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാർഡ് വിതരണവും നടത്തി. ഈ അവാർഡുകളിൽ പലതും ഇഷ്ടക്കാർക്ക് രാഷ്ട്രീയ അടുപ്പംവച്ച് ദാനം ചെയ്തതാണെന്നാണ് പരാതി.
അവാർഡ് പ്രഖ്യാപിച്ചപ്പോൾതന്നെ വിവാദങ്ങളുമുണ്ടായിരുന്നു. ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ട താരത്തിന് അവാർഡ് നൽകിയതിൽ ആക്ഷേപമുയർന്നിരുന്നു. മികച്ച കായിക പരിശീലകനുള്ള പുരസ്കാരം നിർണയിച്ചത് മാനദണ്ഡങ്ങൾ നോക്കാതെയാണെന്നും അച്ചടക്കനടപടി നേരിട്ടവർക്കുവരെ പുരസ്കാരം ലഭിച്ചെന്നും അർഹതയുള്ളവരെ ഒഴിവാക്കിയെന്നും മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നു. മാദ്ധ്യമ അവാർഡിൽ പരാതി ഉയർന്നതിനെത്തുടർന്ന് ഒരു വർഷത്തെ അവാർഡ് റദ്ദാക്കുകയും ചെയ്തിരുന്നു.
ഇത്തവണത്തെ അവാർഡുകൾക്ക്
അപേക്ഷ ക്ഷണിച്ചു
സ്പോർട്സ് കൗൺസിലിന്റെ 2025-26 വർഷത്തെ ജി.വി രാജ കായിക പുരസ്കാരങ്ങൾക്കും മാദ്ധ്യമ പുരസ്കാരങ്ങൾക്കും അപേക്ഷ ക്ഷണിച്ചു.മികച്ച കായിക താരങ്ങൾ, പരിശീലകർ, കോളേജ്/ സ്കൂൾ അദ്ധ്യാപകർ, സ്പോർട്സ് ഹോസ്റ്റൽ, ലൈഫ് ടൈം അച്ചീവ്ന്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡുകൾ. കൂടുതൽ വിവരങ്ങൾക്ക് www.sportscouncil.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |