
ദുബായ് : ഏഷ്യാ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഹോംഗ് കോംഗിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ സ്മൃതി മാന്ഥനയുടെ (124) മികവിൽ 137 റൺസിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 193/5 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഹോംഗ് കോംഗ് 16.2 ഓവറിൽ 56 റൺസിൽ ആൾഔട്ടായി.
ഓപ്പണിംഗിൽ സ്മൃതിയും ഷെഫാലി വെർമ്മയും (28) ചേർന്ന് എട്ടോവറിൽ 74 റൺസാണ് അടിച്ചുകൂട്ടിയത്. ഷെഫാലിക്ക് ശേഷം പ്രതിക റാവൽ (10), റിച്ച ഘോഷ് (11),ഹർമൻപ്രീത് കൗർ(10) എന്നിവർകൂടി പുറത്തായെങ്കിലും സ്മൃതി ഒരറ്റത്ത് കത്തിക്കയറി. 64 പന്തുകൾ നേരിട്ട് 14 ഫോറുകളും ഏഴ് സിക്സുകളും പറത്തി തന്റെ 18-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയ സ്മൃതി അവസാന ഓവറിലാണ് റൺഔട്ടായത്.ഇതോടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ മെഗ് ലാന്നിംഗിന്റെ റെക്കാഡ് സ്മൃതി മറികടന്നു. ട്വന്റി-20 ഫോർമാറ്റിലെ സ്മൃതിയുടെ രണ്ടാം സെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറുമാണിത്. മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ഇന്ത്യൻ വനിതയാണ് സ്മൃതി മാന്ഥന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |