
നഗോയയിൽ നിന്ന് വി.സുനിൽ കുമാർ
ഇന്നലെ വൈകിട്ട് നഗോയയിലെ ഏഷ്യൻ ഗെയിസിന്റെ മുഖ്യവേദിയായ മിസുഹോ പാർക്ക് അത്‌ലറ്റിക്സ് സ്റ്റേഡിയത്തിലെത്തുമ്പോൾ മഴപ്പെയ്ത്തു തുടങ്ങിയിരുന്നു. മഴയുടെ അകമ്പടിയോടെയാണ് ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ നടന്നത്. പക്ഷേ ആയിരങ്ങൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിന്റെ ഗാലറി ഒരു തുള്ളി മഴവെള്ളം ചോർന്നുവീഴാത്ത രീതിയിൽ നന്നായി കവർ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ആവേശം ഒട്ടുംചോരാതെ മത്സരങ്ങൾ ആസ്വദിക്കാൻ പറ്റി.
രാവിലെ മാരത്തോണിൽ 44 വർഷത്തിനുശേഷം സാവൻ ബർവാൾ മെഡൽ നേടിയതിന്റെ ആവേശത്തിലായിരുന്നു ഇന്ത്യൻ ക്യാമ്പ്. വൈകിട്ട് മൂന്ന് മെഡലുകൾ കൂടി അത്‌ലറ്റിക്സിൽ നിന്ന് ലഭിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ദേശീയ പതാകയേന്താൻ നിയോഗിക്കപ്പെട്ടെങ്കിലും കിറ്റ് സമയത്ത് ലഭിക്കാത്തതിനാൽ ആ അവസരം നഷ്ടപ്പെട്ട തജീന്ദർപാൽ സിംഗ് ടൂറിന് ഇന്നലെ ഷോട്ട്പുട്ടിലെ സ്വർണവും നഷ്ടമായി. ജക്കാർത്തയിലും ഹ്വാംഗ്ചോയിലും ഈയിനത്തിൽ സ്വർണം നേടിയിരുന്ന തജീന്ദറിനെ പിന്തള്ളി ഇറാന്റെ മുഹമ്മദ് റേസയാണ് സ്വർണം നേടിയത്. 20.81 മീറ്റർ എറിഞ്ഞ റേസ തജീന്ദറിന്റെ പേരിലുണ്ടായിരുന്ന 20.75 മീറ്ററിന്റെ ഗെയിംസ് റെക്കാഡും സ്വന്തം പേരിലാക്കി. ഇന്നലെ തജീന്ദർ 20.64 മീറ്ററാണ് എറിഞ്ഞത്. മത്സരശേഷം തജീന്ദറിനെ കാണാനെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ സ്വർണം കിട്ടാതെ പോയതിൽ ആശ്വസിപ്പിച്ചു.
തജീന്ദറിന് പിന്നാലെ വനിതകളുടെ 400 മീറ്ററിൽ പ്രാചി ചൗധരി വെങ്കലം നേടി. പുരുഷ 400 മീറ്ററിൽ റിലേയിലെ വെള്ളിത്തിളക്കം വിശാൽ അഞ്ചാമതാകുന്നത് കാണേണ്ടിവന്നു. വനിതകളുടെ 1500 മീറ്ററിൽ പാരുൾ ചൗധരി ഫിനിഷ് ചെയ്തത് നാലാമതും. അതിലേറെ സങ്കടമായത് വനിതകളുടെ 100 മീറ്റർ ഹഡിൽസിൽ കഴിഞ്ഞതവണത്തെ മെഡലിസ്റ്റായ ജ്യോതി യരാജിക്ക് പരിക്ക് മൂലം മത്സരിക്കാൻ കഴിയാതിരുന്നതും ട്രിപ്പിൾ ജമ്പിനിടെ പ്രവീൺ ചിത്രവേലിന് പരിക്കേറ്റതുമാണ്.
(കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ ലേഖകൻ നഗോയയിൽ ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യയുടെ നിരീക്ഷകനാണ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |