
തിരുവനന്തപുരം : അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാൻ ഇന്ത്യ. ലോകകപ്പിൽ കളിക്കണമെങ്കിൽ ക്വാളിഫയിംഗ് റൗണ്ടിൽ ജയിക്കണമെന്ന അവസ്ഥയിൽ തകർച്ചയിൽ നിന്ന് തിരിച്ചുകയറാൻ ശ്രമിക്കുന്ന വെസ്റ്റ് ഇൻഡീസ്. ഇന്ന് കാര്യവട്ടത്ത് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇരുടീമുകളും ഇറങ്ങുമ്പോൾ മഴ വില്ലനായെത്തിയില്ലെങ്കിൽ മികച്ച പോരാട്ടം കാണാം.
ഇപ്പോൾ ഇന്ത്യൻ ഏകദിന ടീമിൽ മാത്രം കളിക്കുന്ന സീനിയേഴ്സായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും തങ്ങളുടെ കരിയറിന്റെ അവസാനഘട്ടത്തിലാണ്. ലോകകപ്പിനായി തങ്ങളിലെ അവസാന അഗ്നിയും ജ്വലിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലും. ജൂലായ്‌യിൽ ഇംഗ്ളണ്ടിനെതിരെ അവസാനമായി ഇന്ത്യൻ ടീം കളിച്ച ഏകദിനത്തിൽ സെഞ്ച്വറി നേടി വിമർശകരുടെ വായടപ്പിച്ച രോഹിതിനും പ്രതിഭയ്ക്ക് ഇനിയും മങ്ങലേറ്റിട്ടില്ലാത്ത വിരാടിനും കാര്യവട്ടത്ത് മികവ് കാട്ടാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.
ശുഭ്മാൻ ഗിൽ നയക്കുന്ന ഇന്ത്യൻ സംഘത്തിൽ കെ.എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്ക്വാദ് , ധ്രുവ് ജുറേൽ തുടങ്ങിയ ബാറ്റർമാരും നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ എന്നീ ആൾറൗണ്ടർമാരും അണിനിരക്കുന്നു. പേസർമാരിൽ സീനിയർ സിറാജാണ്.ആക്വിബ് നബിയും ഗുർനൂർ ബ്രാറും പ്രസിദ്ധ് കൃഷ്ണയും സംഘത്തിലുണ്ട്.സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപും. കഴിഞ്ഞദിവസങ്ങളിൽ കാര്യവട്ടത്ത് പരിശീലനം നടത്തിയ ഇന്ത്യൻ ടീം മികച്ച ആത്മവിശ്വാസത്തിലാണ്.
മറുവശത്ത് വെസ്റ്റ് ഇൻഡീസ് ടീം കളിക്കളത്തിലെ പരാജയങ്ങളിൽ മാത്രമല്ല സാമ്പത്തിക പ്രതിസന്ധികളിലും ഉഴലുകയാണ്. താരങ്ങളുടെ ശമ്പളത്തിന്റെ 25ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ് കരീബിയൻ ക്രിക്കറ്റ് ബോർഡ്.ജൂലായ്‌യിൽ ന്യൂസിലാൻഡിനെതിരെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ തോറ്റതിന് ശേഷമുള്ള വിൻഡീസിന്റെ ആദ്യ ഏകദിന പരമ്പരയാണിത്.
വിക്കറ്റ് കീപ്പർ ബാറ്ററായ ഷായ് ഹോപ്പാണ് വിൻഡീസിനെ നയിക്കുന്നത്.ജോൺ ക്യാംപ്ബെൽ,ഷെർഫാനേ റൂതർ ഫോർഡ്, റോസ്റ്റൺ ചേസ്,ജസ്റ്റിൻ ഗ്രീവ്സ്,കീമോ പോൾ,അൽസാരി ജോസഫ്,ഷമർ ജോസഫ്,ജെയ്ഡൻ സീൽസ്,ഗൂഡകേഷ് മോട്ടി,മാത്യു ഫോർദേ തുടങ്ങിയവരാണ് വിൻഡീസ് ടീമിലെ മുൻനിര താരങ്ങൾ.
പിച്ച് ബാറ്റർമാർക്ക് അനുകൂലം
ബാറ്റർമാർക്ക് അനുകൂലമായ പിച്ചാണ് കാര്യവട്ടത്തേത് എന്നാണ് വിലയിരുത്തൽ. 300 ന് മുകളിലുള്ള സ്കോറിന് സാദ്ധ്യത. പക്ഷേ വൈകുന്നേരത്തോടെ പിച്ച് ബൗളർമാർക്ക് അനുകൂലമാകും. ചേസിംഗ് ബുദ്ധിമുട്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : ശുഭ്മാൻ ഗിൽ(ക്യാപ്ടൻ),രോഹിത് ശർമ്മ,വിരാട് കൊഹ്‌ലി,യശസ്വി ജയ്സ്വാൾ,കെ.എൽ രാഹുൽ, റുതുരാജ് ഗെയ്ക്ക്വാദ്,ധ്രുവ് ജുറേൽ,നമാൻ ധിർ,രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി,സിറാജ്, ആക്വിബ് നബി,ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ,കുൽദീപ് യാദവ്.
വെസ്റ്റ് ഇൻഡീസ് : ഷായ് ഹോപ്പ് (ക്യാപ്ടൻ),ജോൺ ക്യാംപ്ബെൽ, ജുവൽ ആൻഡ്രൂ, കീസി കാർട്ടി,അമിർ ജാംഗൂ, ഷെർഫാനേ റൂതർ ഫോർഡ്, റോസ്റ്റൺ ചേസ്,ജസ്റ്റിൻ ഗ്രീവ്സ്,കീമോ പോൾ,അൽസാരി ജോസഫ്,ഷമർ ജോസഫ്, വിറ്റെൽ ലാവേസ്, ജെയ്ഡൻ സീൽസ്,ഗൂഡകേഷ് മോട്ടി,മാത്യു ഫോർദേ.
390
മൂന്ന് വർഷം മുമ്പ് ഇവിടെ നടന്ന അവസാന പുരുഷ ഏകദിനത്തിൽ ഇന്ത്യൻ ടീം അടിച്ചുകൂട്ടിയത് 390 റൺസാണ്. അന്ന് വിരാടും (166*) ഗില്ലും (116) സെഞ്ച്വറികൾ നേടിയിരുന്നു. മറുപടിക്കിറങ്ങിയ ശ്രീലങ്ക 73 റൺസിന് ആൾഔട്ടായിരുന്നു. 2018ൽ ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് 104 റൺസിനാണ് ആൾഔട്ടായത്. രണ്ട് മത്സരങ്ങളിലും ജയിച്ചത് ഇന്ത്യ.
3
കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിന് ഇവിടെ നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ടീം തലസ്ഥാനത്ത് എത്തുന്നത്.
2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് പുറത്താകാതെ നേടിയ 166 റൺസിന്റെ മികവിൽ ഇന്ത്യ 390 റൺസ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |