
കോഴിക്കോട് : സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ മൂന്നാം സീസണിലെ രണ്ടാം മത്സരത്തിൽ കാലിക്കറ്റ് എഫ്.സി ക്ക് വിജയം. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ ആദ്യ പകുതിയിൽ നേടിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാലിക്കറ്റ് തകർത്തത്. 22-ാം മിനിട്ടിൽ അർജന്റീന താരം ബോസോ ഫ്ലൂറിയുടെ മനോഹരമായ പാസിൽ നിന്ന് ക്യാപ്റ്റൻ കെ. പ്രശാന്താണ് ആദ്യഗോൾ നേടിയത്.
കൊമ്പൻസ് ഗോൾകീപ്പർ സത്യജിത്ത് ബൊർദ ലോയിക്ക് അവസരം നൽകാതെയായിരുന്നു പ്രശാന്തിന്റെ ഫിനിഷിങ്. ഗോളിന് പിന്നാലെ പ്രശാന്ത് നേരെ ടീം ബെഞ്ചിനരികിലേക്ക് ഓടിയെത്തി. ഒരാഴ്ച മുൻപ് വാഹനാപകടത്തിൽ മരിച്ച കാലിക്കറ്റ് എഫ്.സി. പ്രതിരോധ താരം റിജോൺ ജോസിന്റെ നാലാം നമ്പർ ജഴ്സി ഉയർത്തിപ്പിടിച്ചായിരുന്നു ആഘോഷം. ജഴ്സിയുമായി ഗ്രൗണ്ടിൽ വലംവെച്ച പ്രശാന്ത് ആദ്യ ഗോൾ സഹതാരത്തിന്റെ ഓർമയ്ക്കായി സമർപ്പിച്ചു. ഗാലറിയിലും ഈ നിമിഷം വികാരനിർഭരമായി.
48-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചു. പെനാൽട്ടി ബോക്സിനുള്ളിൽ കാലിക്കറ്റിന്റെ ആൻഡ്രൂസിനെ കൊമ്പൻസ് പ്രതിരോധതാരം ജസ്റ്റിൻ ജോർജ് ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി പെനാൽട്ടി വിധിച്ചു. അർജന്റീന താരം മാക്സിമിലിയാനോ എടുത്ത കിക്ക് വലയിലെത്തിയതോടെ കാലിക്കറ്റ് 2–0ന് മുന്നിലെത്തി. രണ്ട് ഗോളിന്റെ ലീഡിന് ശേഷവും രണ്ടാം പകുതിയിൽ ഇരുടീമുകളും നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും അവസാന വിസിൽ മുഴങ്ങിയപ്പോൾ 2–0ന്റെ വിജയവുമായി കാലിക്കറ്റ് ആരാധകർക്ക് ആഘോഷിക്കാനുള്ള വകയായി.ഒക്ടോബർ രണ്ടിന് കോർപറേഷൻ സ്റ്റേഡിയത്തിൽ മലപ്പുറം എഫ്.സിക്കെതിരെയാണ് കാലിക്കറ്റ് എഫ്.സിയുടെ അടുത്ത പോരാട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |