SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.35 AM IST

ഷൂട്ടോഫിൽ ഇഷയുടെ പൊന്ന് വെള്ളിയായി

esha

നഗോയ: കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത, ടീമിനങ്ങളിലായി ഒരു സ്വർണവും മൂന്ന് വെള്ളികളും നേടിയിരുന്ന ഇഷ സിംഗിന് ഇക്കുറി വെള്ളി. ഇന്നലെ വനിതകളുടെ 25 മീറ്റർ വ്യക്തിഗത ഇനത്തിലാണ് ഇഷ വെള്ളി നേടിയത്. ഒരേ പോയിന്റ് നില വന്നതോടെ നടന്ന ഷൂട്ടൗഫിലാണ് ഇഷയ്ക്ക് സ്വർണം നഷ്ടമായത്. ഈയിനത്തിലെ നിലവിലെ ലോക റെക്കാഡിനുടമയായ ഇഷയും ഇന്നലെ സ്വർണം നേടിയ ചൈനീസ് താരം ജിയാറൂയിഷുവാൻ ഷിയാവോയും ഇന്നലെ ഗെയിംസ് റെക്കാഡിനൊപ്പമെത്തുകയും ചെയ്തു. 38 പോയിന്റുകൾ വീതമാണ് ഇരുവരും നേടിയത്.

രണ്ട് തവണയാണ് ഇന്നലെ ഇഷയ്ക്ക് ഷൂട്ടോഫ് വേണ്ടിവന്നത്. കൊറിയയുടെ കിം ഹ്യോൻ സുക്കുമായി രണ്ടാം സ്ഥാനത്ത് ടൈവന്നപ്പോഴായിരുന്നു ആദ്യ ഷൂട്ടോഫ്. ഇതിൽ ഇഷ വിജയം കണ്ടു. കൊറിയൻ താരം വെങ്കലത്തിലൊതുങ്ങി. തുടർന്ന് ഒല്ലാം സ്ഥാനത്തിനായുള്ള ഷൂട്ടോഫിൽ പക്ഷേ 4-3ന് ചൈനീസ് താരം ജയിച്ചു. രാവിലെ നടന്ന ടീമിനത്തിൽ ഇഷ, മനു ഭാക്കർ,രാഹി സർനോബത്ത് എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് മത്സരിച്ചിരുന്നത്. അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്.ഇവരിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇഷ മാത്രമാണ് ഫൈനലിലേക്ക് കടന്നത്. മനു 10-ാം സ്ഥാനത്തും രാഹി 30-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇഷ മത്സരിച്ചിരുന്നെങ്കിലും വ്യക്തിഗത ഇനത്തിൽ 15-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്.

വെറും കയ്യോടെ മനു

പാരീസ് ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയിരുന്ന ഇന്ത്യൻ വനിതാ ഷൂട്ടർ മനു ഭാക്കർ ഇക്കുറി ഏഷ്യൻ ഗെയിംസിൽ നിന്ന് മടങ്ങുന്നത് വെറും കയ്യോടെ. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലെ സ്വർണ മെഡലിസ്റ്റായിരുന്ന മനുവാണ് ഇക്കുറി മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്. 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത, ടീമിനങ്ങളിലാണ് മനു ഇക്കുറി മത്സരിച്ചത്. 10 മീറ്ററിൽ മനു ഉൾപ്പെട്ട ഇന്ത്യൻ ടീം നാലാമതായിരുന്നു.വ്യക്തിഗത ഇനത്തിൽ അഞ്ചാമതും. 25 മീറ്ററിലെത്തിയപ്പോൾ ടീം അഞ്ചാം സ്ഥാനത്തും മനു പത്താം സ്ഥാനത്തുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ESHA SINGH, ASIAN GAMES, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360