
ശ്രീശങ്കറിന് ലോംഗ് ജമ്പിൽ വെള്ളി
1500 മീറ്ററിൽ ഗുൽവീർ സിംഗിന് വെള്ളി, 5000 മീറ്ററിൽ പരുൾ ചൗധരിക്ക് വെങ്കലം
ജാവലിനിൽ യശ്‌വീർ സിംഗിന് വെള്ളി, രോഹിത് യാദവിന് വെങ്കലം
വിദ്യ രാംരാജിന് 400 മീറ്റർ ഹഡിൽസിൽ വെങ്കലം
ഷൂട്ടിംഗിൽ ഇഷ സിംഗിന് വെള്ളി
കുറാഷിൽ പിങ്കി ബൽഹാരയ്ക്ക് വെങ്കലം
നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്നലെയും പൊന്നുകിട്ടിയില്ലെങ്കിലും അത്‌ലറ്റിക്സ് ട്രാക്കിലെ വെള്ളികളും വെങ്കലങ്ങളും കൊണ്ട് മനസ് നിറച്ച് ഇന്ത്യൻ താരങ്ങൾ. അത്‌ലറ്റിക്സിൽ നിന്നുമാത്രം മൂന്നുവീതം വെള്ളിയും വെങ്കലങ്ങളും ഇന്ത്യ നേടിയപ്പോൾ ഷൂട്ടിംഗിൽ നിന്നൊരു വെള്ളിയും കുറാഷിൽ ഒരു വെങ്കലവും കൂടി ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ചു.
മലയാളി ലോംഗ്ജമ്പർ എം.ശ്രീങ്കറിനൊപ്പം ഗുൽവീർ സിംഗ് (1500 മീറ്റർ),യശ്‌വീർ സിംഗ് (ജാവലിൻ ത്രോ) എന്നിവരാണ് അത്‌ലറ്റിക്സിൽ വെള്ളി നേടിയത്. വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരിയും 400 മീറ്റർ ഹഡിൽസിൽ വിദ്യ രാംരാജും പുരുഷ ജാവലിനിൽ രോഹിത് യാദവും വെങ്കലങ്ങൾ നേടി. ഷൂട്ടിംഗിൽ ഇഷ സിംഗ് 25 മീറ്റർ പിസ്റ്റൾ ഇനത്തിലാണ് വെള്ളി നേടിയത്. കുറാഷിൽ പിങ്കി ബൽഹാരയാണ് വെങ്കലത്തിന് അവകാശിയായത്.
പുരുഷന്മാരുടെ 1500 മീറ്ററിൽ ഗുൽവീർ സിംഗാണ് ഇന്നലെ ട്രാക്കിലെ ആദ്യ മെഡൽ നേടിയത്. തന്റെ പേഴ്സണൽ ബെസ്റ്റായ 3 മിനിട്ട് 36.72 സെക്കൻഡിൽ ഓടിയെത്തിയാണ് ഗുൽവീർ വെള്ളിയിലെത്തിയത്. 3 മിനിട്ട് 36.35 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജപ്പാന്റെ കസൂട്ടോയ്ക്കാണ് സ്വർണം.ഈ ഗെയിംസിലെ ഗുൽവീറിന്റെ രണ്ടാം വെള്ളിയാണിത്. നേരത്തേ 10000 മീറ്ററിലും വെള്ളി നേടിയിരുന്നു. ഇന്ന് 5000 മീറ്ററിലും ഗുൽവീർ മത്സരിക്കുന്നുണ്ട്. വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരി 15 മിനിട്ട് 14.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വന്തമാക്കിയത് ഈ ഗെയിംസിലെ തന്റെ രണ്ടാം വെങ്കലമാണ്. നേരത്തേ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലായിരുന്നു വെങ്കലം.
ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇല്ലായിരുന്നെങ്കിലും വെള്ളിയും വെങ്കലവും തൂക്കി ഇന്ത്യ കരുത്തറിയിച്ചു. ഈ സീസണിൽ പലതവണ 90 മീറ്ററിന് മുകളിലേക്ക് ജാവലിൻ പറത്തിയ ശ്രീലങ്കൻ താരം രുമേഷ് പതിരാഗെ 88.55 മീറ്റർ എറിഞ്ഞ് ഇന്നലെ സ്വർണം നേടിയപ്പോൾ യശ്‌വീർ സിംഗ് 85.72 മീറ്ററും രോഹിത് യാദവ് 84.35 മീറ്ററുമാണ് എറിഞ്ഞത്. പാരീസ് ഒളിമ്പിക്സിൽ നീരജിനെ മറികടന്ന് സ്വർണം നേടിയിരുന്ന പാകിസ്ഥാൻ താരം നദീം അർഷാദിനെ നാലാമതാക്കിയാണ് ഇന്ത്യൻ താരങ്ങളുടെ മെഡൽവേട്ട. 80.29 മീറ്റർ മാത്രമാണ് നദീമിന് കണ്ടെത്താനായത്. ഈ സീസണിലെ നദീമിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |