
തിരുവനന്തപുരം : തന്റെ കരിയറിൽ പലപ്പോഴും ശ്രീശങ്കറിന് കടുത്ത എതിരാളിയായി മാറിയത് പരിക്കാണ്. ഡയമണ്ട് ലീഗ് മീറ്റുകൾ ലക്ഷ്യമിട്ട് പാലക്കാട്ട് പരിശീലനം നടത്തവേ 2024 ഏപ്രിലിലാണ് ടേക്കോഫ് ലെഗായ ഇടതുകാലിന്റെ മുട്ടിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാൻ ശസ്ത്രക്രിയയും മാസങ്ങളുടെ വിശ്രമവും വേണ്ടിവന്നു.ഒളിമ്പിക് മെഡലിസ്റ്റ് നീരജ് ചോപ്രയ്ക്ക് കാൽമുട്ട് ശസ്ത്രക്രിയ നടത്തിയ ഫ്രഞ്ചുകാരനായ ഡോക്ടറാണ് ദോഹയിൽ ശസ്ത്രക്രിയ നടത്തിയത്. 18 മാസമാണ് ശങ്കുവിന് കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നത്. ഇതോടെ ഡയമണ്ട് ലീഗ് മീറ്റുകൾ മാത്രമല്ല പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അവസരം കൂടിയാണ് നഷ്ടമായത്. തൊട്ടുമുമ്പ് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒളിമ്പിക് യോഗ്യത മറികടന്നിരുന്നത്.
ശരീരത്തിന് പരിക്കേൽക്കുമ്പോഴും മനസ് പതറാതിരിക്കാൻ ശങ്കു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2028ലെ ഒളിമ്പിക്സിൽ മത്സരിച്ച് മെഡൽ നേടണമെന്ന് തന്റെ മനസിനെ പറഞ്ഞ് ഉറപ്പിക്കുകയാണ് പരിക്കേറ്റശേഷം ആദ്യം ചെയ്തതെന്നും ശങ്കു പറഞ്ഞു. 2025 ജൂലായ്‌യിൽ പൂനെയിൽ നടന്ന മീറ്റിൽ 8.05 മീറ്റർ ചാടിയാണ് പിറ്റിലേക്ക് തിരിച്ചുവന്നത്. പിന്നീട് ഫോം വീണ്ടെടുത്ത് കോമൺവെൽത്ത് ഗെയിംസിനെത്തി വെള്ളി നേടി.
കായിക കുടുംബത്തിൽ നിന്ന്
മുൻ ദേശീയ കായിക താരങ്ങളായ മുരളിയുടെയും ബിജിമോളുടെയും മകനാണ് ശ്രീശങ്കർ. പഴയ ദേശീയ ട്രിപ്പിൾജമ്പ് ചാമ്പ്യനായ മുരളിയാണ് പരിശീലകൻ. പ്രചോദനവുമായി അമ്മയും.ജമ്പിംഗ് പിറ്റിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതും അന്താരാഷ്ട്ര താരമാക്കിയതും പിതാവാണ്. ഇപ്പോഴും പരിശീലകനായി കൂടെയുണ്ട് മുരളി. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലും പാലക്കാട് വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. സി.ബി.എസ്.ഇ മീറ്റുകളിലൂടെയാണ് മത്സരരംഗത്ത്.സംസ്ഥാന സ്കൂൾ മേളകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അതിനേക്കാൾ മികച്ച പ്രകടനത്തോടെയാണ് സി.ബി.എസ്.ഇ ദേശീയ മീറ്റുകളിൽ മെഡൽ നേടിയത്.
സീനിയർ തലത്തിലേക്ക് മാറിയതോടെ ദേശീയ ക്യാമ്പിലേക്കും സെലക്ഷൻ ലഭിച്ച. 2018ൽ ഭുവനേശ്വറിൽ വച്ചാണ് ആദ്യമായി ദേശീയ റെക്കാഡ് സ്വന്തം പേരിലാക്കുന്നത്. 2.20 മീറ്ററാണ് അന്ന് ചാടിയത്. 2022ൽ തേഞ്ഞിപ്പലത്ത് നടന്ന ദേശീയ ഫെഡറേഷൻ കപ്പിൽ 8.36 മീറ്റർ ചാടി റെക്കാഡ് തിരുത്തിക്കുറിച്ചു. 2023 ൽ ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിലാണ് ഇപ്പോഴത്തെ റെക്കാഡായ 8.41 മീറ്റർ സ്വന്തമാക്കിയത്.
ശങ്കുവിന്റെ നേട്ടങ്ങൾ
2026 ഏഷ്യൻ ഗെയിംസ് വെള്ളി
2026 കോമൺവെൽത്ത് ഗെയിംസ് വെള്ളി
2022 കോമൺവെൽത്ത് ഗെയിംസ് വെള്ളി
2022 ഏഷ്യൻ ഗെയിംസ് വെള്ളി
2023 ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി
2018 ഏഷ്യൻ ജൂനിയർ വെങ്കലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |