
പി.ടി ഉഷയുടെ കൺമുന്നിൽ ഉഷയുടെ 42 കൊല്ലം പഴക്കമുള്ള റെക്കാഡ് തകർത്ത് വിദ്യ രാംരാജ്
നഗോയ : 400 മീറ്റർ ഹഡിൽസിൽ സാക്ഷാൽ പി.ടി ഉഷയുടെ ദേശീയ റെക്കാഡ് തിരുത്തിക്കുറിച്ചാണ് വിദ്യ രാംരാജ് വെങ്കലം നേടിയത്. 54.75 സെക്കൻഡിലാണ് വിദ്യ ഫിനിഷ് ചെയ്തത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഉഷ ഗാലറിയിലിരുന്ന് ഉഷ വിദ്യയുടെ നേട്ടത്തിന് സാക്ഷിയായി. 1984ലെ ലോസാഞ്ചലസ് ഒളിമ്പിക്സിൽ ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ റെക്കാഡാണ് 42 കൊല്ലത്തിന്ശേഷം തമിഴ്നാട്ടുകാരിയായ വിദ്യ തകർത്തത്. ഹ്വാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഉഷയുടെ റെക്കാഡിനൊപ്പമെത്തിയ വിദ്യ വെങ്കലം നേടിയിരുന്നു.
വിദ്യയുടെ ഈ ഗെയിംസിലെ രണ്ടാം മെഡലാണിത്. 4-400 മിക്സഡ് റിലേയിൽ വെള്ളി നേടിയ ടീമിൽ അവസാന ലാപ്പോടിപ്പിടിച്ചത് വിദ്യയായിരുന്നു. ഇന്നലെ ഹഡിൽസിൽ വിദ്യയ്ക്കൊപ്പം മത്സരിച്ച മലയാളിതാരം അനു രാഘവൻ സീസണിലെ മികച്ച സമയമായ 55.78 സെക്കൻഡിൽ ഓടിയെത്തി നാലാമതായി.
കോയമ്പത്തൂരിലെ ട്രക്ക് ഡ്രൈവറുടെ മകളാണ് വിദ്യ. തിരുവനന്തപുരത്ത് സായ് നാഷണൽ സെന്റർ ഒഫ് എക്സലൻസിലാണ് പരിശീലിക്കുന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |