SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.05 AM IST

'വെള്ളകുപ്പി മാത്രം ചുമക്കേണ്ട അവസ്ഥ,​ ഇന്ത്യൻ ടീമിൽ നടക്കുന്നത് ഏകാധിപത്യം',​ ഗംഭീറിനെതിരെ ആഞ്ഞടിച്ച് വൈഭവിന്റെ മുൻ പരിശീലകൻ

vaibhav-gambhir-
വൈഭവ് സൂര്യവംശി, ഗൗതം ഗംഭീർ

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ കൗമാര താരം വൈഭവ് സൂര്യവംശിയെ തുടർച്ചയായി അവഗണിക്കുന്നതിനെ വിമർശിച്ച് താരത്തിന്റെ ബാല്യകാല പരിശീലകൻ മനീഷ് ഓജ. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും ടീം മാനേജ്മെന്റിനുമെതിരെയുമാണ് രൂക്ഷ വിമർശനവുമായി മനീഷ് രംഗത്തെത്തിയത്. ഇന്ത്യൻ ടീമിനുള്ളിൽ ഏകാധിപത്യമാണ് നടക്കുന്നതെന്നും ബെഞ്ചിലിരുത്തി താരങ്ങളെ വളർത്താനാകില്ലെന്നും മനീഷ് തുറന്നടിച്ചു. സ്പോർട്സ് നൗവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈഭവിന്റെ കഴിവിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അവസരം ലഭിച്ചാൽ മികവ് തെളിയിക്കുമെന്നും മനീഷ് പറഞ്ഞു. വൈഭവ് ഒരു കൊടുങ്കാറ്റാണ്. ഇന്ന് അല്ലെങ്കിൽ നാളെ, അവനെ നേരിടുന്നവർക്ക് അതിന്റെ കരുത്ത് മനസിലാകും എന്നായിരുന്നു പരിശീലകന്റെ പ്രതികരണം. യുവതാരങ്ങളെ വളർത്തണമെങ്കിൽ അവർക്ക് മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകണമെന്നും സമ്മർദ്ദഘട്ടങ്ങളെ നേരിട്ട് അതുമായി പൊരുത്തപ്പെടാൻ അനുവദിക്കണമെന്നും മനീഷ് ചൂണ്ടിക്കാട്ടി. ബെഞ്ചിലിരുത്തിയാൽ മാത്രം ഒരു താരത്തിന് വളരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈഭവിന് അവസരം നൽകേണ്ടതില്ലെന്ന് മാനേജ്‌മെന്റ് നേരത്തേ തീരുമാനിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തുടർച്ചയായി പുറത്തിരുത്തുന്നത് ഒരു യുവതാരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ടീമിൽ തനിക്ക് സ്ഥാനമില്ലെന്ന തോന്നൽ സൃഷ്ടിക്കുമെന്നും ഓജ ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോഴത്തെ മാനേജ്‌മെന്റ് ഏകാധിപത്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും അവർക്ക് തോന്നുന്നതെന്തോ അത് നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടീമിൽ ഇടം ലഭിക്കാതെ പുറത്തിരുന്ന് വെള്ളം നൽകേണ്ടിവരുന്ന വൈഭവിന്റെ അവസ്ഥയും അദ്ദേഹം പരാമർശിച്ചു.

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വൈഭവിന് അവസരം ലഭിച്ചിരുന്നില്ല. അഭിഷേക് ശർമ്മയ്ക്കും സഞ്ജു സാംസണിനുമാണ് ഓപ്പണിംഗിൽ ടീം മാനേജ്‌മെന്റ് മുൻഗണന നൽകിയത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ കഴിവ് തെളിയിക്കാൻ വൈഭവിന് അവസരം ലഭിക്കുന്നില്ലെന്ന വിമർശനം ശക്തമായി. 2026 ജൂലായിൽ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലാണ് വൈഭവ് ഇന്ത്യക്കായി ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്.

English Summary

Vaibhav Sooryavanshi’s childhood coach, Manish Ojha, has criticised India head coach Gautam Gambhir and the team management for repeatedly excluding the 15-year-old from the playing XI in the T20I series against the West Indies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANEESH OHJA, VAIBHAV SURYAVANSHI, GAUTAM GAMBHIR, SPORTS, INSVSWI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360