SignIn
Kerala Kaumudi Online
Sunday, 08 November 2026 3.39 AM IST

വെല്ലിംഗ്ടണിൽ വില്ലനാകാൻ മഴ

cricket

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ഏകദിനം ഇന്ന് വെല്ലിംഗ്ട‌ണിൽ

വെല്ലിംഗ്ടൺ: ഇന്ന് വെല്ലിംഗ്ടണിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിന് മഴ ഭീഷണി. മഴ കാരണം ഇന്ത്യയുടെ പരിശീലനം കഴിഞ്ഞദിവസം തടസപ്പെട്ടിരുന്നു. ഇന്നും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം. കഴിഞ്ഞ ദിവസം ഓക്‌ലാൻഡിൽ നടന്ന ആദ്യ ഏകദിനത്തിലും മഴ ഇടപെട്ടിരുന്നെങ്കിലും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ജയിച്ചിരുന്നു.ഇതോടെ അഞ്ചുമത്സരപരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തിരുന്നു.

ഓക്‌ലാൻഡിൽ ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡിനെ 40.2 ഓവറിൽ 185 റൺസിന് ഇന്ത്യ ആൾഔട്ടാക്കിയിരുന്നു. അർഷ്ദീപ് സിംഗ്, അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ, ആക്വിബ് നബി എന്നീ നാലുപേസർമാരെ ഇറക്കിയ ഇന്ത്യയു‌ടെ തീരുമാനമാണ് മത്സരഫലത്തിൽ നിർണായകമായത്. ഇന്ത്യൻ കുപ്പായത്തിൽ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കാനിറങ്ങിയ അൻഷുൽ പത്തോവറിൽ രണ്ട് മെയ്ഡനടക്കം 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയത് നിർണായകമായി. ഏകദിനത്തിലെ തന്നെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. അൻഷുലാണ് മത്സരത്തിൽ മാൻ ഒഫ് ദ മാച്ചായതും. 70റൺസ് വഴങ്ങിയെങ്കിലും അർഷ്ദീപിന് നാലുവിക്കറ്റ് ലഭിച്ചു. ഗുർനൂർ ബ്രാറിന് മൂന്ന് വിക്കറ്റ് ലഭിച്ചു.

38-ാം പിറന്നാളിന്റെ തലേന്ന് 51 പന്തുകളിൽ 74 റൺസുമായി മിന്നിത്തിളങ്ങിയ വിരാട് കൊഹ്‌ലിയാണ് 32 ഓവറിൽ 143 റൺസ് എന്ന ലക്ഷ്യം 23-ാം ഓവറിൽ മറികടക്കാൻ ഇന്ത്യയ്ക്ക് കരുത്തേകിയത്. 56 പന്തുകളിൽ 37 റൺസുമായി ശുഭ്മാൻ ഗിൽ നൽകിയ പിന്തുണയും നിർണായകമായി.

കോൺവേ പരമ്പരയ്ക്കില്ല

ആദ്യ ഏകദിനത്തിന്റെ തലേന്ന് ഫീൽഡിംഗ് പരിശീലനത്തിനിടെ പേസർ മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ചുവീണ കിവീസ് ബാറ്റർ ഡെവോൺ കോൺവേയ്ക്ക് ഈ പരമ്പരയിൽ കളിക്കാനാവില്ല. തലയ്ക്ക് പരിക്കേറ്റ കോൺവേയെ വിശദപരിശോധനകൾ വിധേയനാക്കിയിരുന്നു. അതേസമയം മാറ്റ് ഹെൻറി ഇന്ന് കളിക്കും.

ഇന്ത്യൻ ടീം

ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), ശ്രേയസ് അയ്യർ( വൈസ് ക്യാപ്ടൻ), രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്ക്‌വാദ്,നമാൻ ധിർ, നിതീഷ് കുമാർ റെഡ്ഡി, അൻഷുൽ കാംബോജ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, ആക്വിബ് നബി, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്.

കിവീസ് ടീം

മിച്ചൽ സാന്റ്നർ (ക്യാപ്ടൻ), ടോം ലതാം, ഹെൻറി നിക്കോൾസ്, ടിം സീഫർട്ട്, വിൽ യംഗ്, മിച്ചൽ ബ്രേസ്‌വെൽ, ഡാരിൽ മിച്ചൽ. ഗ്ളെൻ ഫിലിപ്പ്സ്, നഥാൻ സ്മിത്ത്, ജേക്കബ് ഡഫി, മാറ്റ് ഹെൻട്രി, ബ്ളെയ്ൻ ടിക്നർ, കൈൽ ജാമീസൺ, മാത്യു ഫിഷർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360