ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ കിംഗ് എന്നറിയപ്പെടുന്ന വിരാട് കൊഹ‌്‌ലി വീണ്ടും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഡൽഹി പരിശീലകൻ വിജയ് ദഹിയ. ഡിസംബർ 14ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കൊഹ്‌ലി ഡൽഹിക്കായി കളിക്കണമെന്നാണ് പരിശീലകന്റെ ആഗ്രഹം.
കൊഹ്‌ലിയുടെ സാന്നിദ്ധ്യം ടീമിലെ യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് യുവതാരങ്ങൾക്ക് പാഠമാകുമെന്നും വിജയ് ദഹിയ പറഞ്ഞു. കൊഹ്‌ലി ടീമിനൊപ്പം ചേരാൻ തയ്യാറാണെങ്കിൽ ഡ്രസിംഗ് റൂമിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്നാണ് ദഹിയ വ്യക്തമാക്കിയത്.
"അദ്ദേഹം കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഡ്രസിംഗ് റൂമിൽ അദ്ദേഹത്തെ ലഭിക്കുന്നത് എനിക്ക് വലിയ സന്തോഷമായിരിക്കും. യുവതാരങ്ങളോട് സംസാരിക്കാനും തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാനും അദ്ദേഹത്തിന് അവസരം നൽകും. അദ്ദേഹത്തെ വീട്ടിലേക്ക് പോകാൻ പോലും അനുവദിക്കില്ല. കഠിനാധ്വാനം, അച്ചടക്കം, രാജ്യത്തിനായി കളിക്കുന്നതിന്റെ മഹത്വം എന്നിവയെക്കുറിച്ച് താരങ്ങളോട് വിശദീകരിപ്പിക്കാൻ കൊഹ്‌ലിക്ക് അവസരം ഒരുക്കും,"- ദഹിയയുടെ വാക്കുകൾ.
ജൂനിയർ ക്രിക്കറ്റിൽ നിന്ന് തുടങ്ങി ഇന്ത്യൻ ടീമിന്റെ മുൻനിര താരമായി മാറിയ കൊഹ്‌ലിയുടെ വളർച്ചയ്ക്ക് പിന്നിലെ കഠിനാധ്വാനവും അർപ്പണബോധവും പുതിയ തലമുറയ്ക്ക് മനസിലാക്കിക്കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊഹ്‌ലിയുടെ ബാറ്റിംഗ് ശൈലിയും റൺചേസ് രീതിയും യുവതാരങ്ങൾ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ടീമിനൊപ്പം കളിച്ചില്ലെങ്കിലും യുവതാരങ്ങളുമായി സമയം ചെലവഴിക്കണമെന്നാണ് ദഹിയയുടെ ആഗ്രഹം.
അതേസമയം, വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കൊഹ്‌ലി കളിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞ സീസണിൽ ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ടൂർണമെന്റിലേക്ക് മടങ്ങിയെത്തിയത്. ആന്ധ്രയ്ക്കെതിരായ മത്സരത്തിൽ 101 പന്തിൽ 131 റൺസും ഗുജറാത്തിനെതിരെ 61 പന്തിൽ 77 റൺസും കൊഹ്‌ലി നേടിയിരുന്നു.
Delhi coach Vijay Dahiya wants cricketer Virat Kohli to play for the state in the upcoming Vijay Hazare Trophy, starting December 14. Dahiya believes Kohli's presence would greatly motivate and mentor young players with his experience. However, there is no official confirmation regarding Kohli's participation yet.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |