SignIn
Kerala Kaumudi Online
Friday, 06 November 2026 5.58 PM IST

അച്ഛന്റെ വഴിയേ മകനും; ഏഷ്യാകപ്പിൽ ആര്യവീർ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ്, ഇന്ത്യയ്ക്ക് വിജയത്തുടക്കം

aryaveer-sehwag
ആര്യവീർ സെവാഗ്

ഒമാൻ: അണ്ടർ-19 ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 42.3 ഓവറിൽ 128 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം മറികടന്നു.

മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ കളത്തിലിറങ്ങിയ മത്സരം എന്ന നിലയിലും ആരാധകർ ഏറെ ശ്രദ്ധിച്ച പോരാട്ടമായിരുന്നു ഇത്. ആര്യവീർ സെവാഗിന്റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 51 പന്തിൽ പുറത്താകാതെ 69 റൺസാണ് താരം നേടിയത്. ഇന്ത്യൻ നായകൻ ലക്ഷ്യ രാജേഷ് റായ്ചന്ദാനിയും 63 പന്തിൽ പുറത്താകാതെ 53 റൺസെടുത്തു. ഇരുവരും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടിൽ തന്നെ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർ തുടക്കം മുതൽ നേപ്പാളിനെ സമ്മർദത്തിലാക്കുകയായിരുന്നു. പഞ്ചാബിൽ നിന്നുള്ള പേസർ ഇഷാൻ സൂദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 10 ഓവർ എറിഞ്ഞ താരം നാല് മെയ്ഡൻ ഉൾപ്പെടെ 18 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ നേടിയത്. ഓഫ് സ്പിന്നർ അർജുൻ രാജ്പുതും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. 5.3 ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങിയാണ് അർജുന്റെ നേട്ടം. യശ്വീർ ഗൗഡ്, മനൽ ചൗഹാൻ, കാവ്യ പട്ടേൽ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

വിനു മങ്കാദ് ട്രോഫിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ടൂർണമെന്റിൽ ഇരുവരും സെഞ്ച്വറികൾ നേടിയിരുന്നു. ആര്യവീർ ടോപ് ഓർഡർ ബാറ്ററായും അൻവയ് വിക്കറ്റ് കീപ്പർ ബാറ്ററായുമാണ് ടീമിലുള്ളത്. നേപ്പാളിനെതിരായ മത്സരത്തിൽ അൻവയ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു.

English Summary

India's Under-19 cricket team secured a dominant 10-wicket victory against Nepal in their opening Asia Cup match. Nepal was bowled out for 128 runs in 42.3 overs. Aryavir Sehwag, son of Virender Sehwag, scored an unbeaten 69 runs, while captain Lakshya Rajesh Raichandani contributed an unbeaten 53, guiding India to chase the target effortlessly in 19.1 overs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARYAVEER SEHWAG, VIRENDER SEHWAG SON, ARYAVEER SEHWAG BATTING, INDIA U19 VS NEPAL, U19 ASIA CUP 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360