
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുഹമ്മദ് ഷമി
മുംബയ് : ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് കാത്തിരുന്ന് ക്ഷമ നശിച്ച പേസ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് 36കാരനായ ഷമി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ 13-ാംവാർഷികത്തിലാണ് ഷമിയുടെ വിരമിക്കൽ. 2013ൽ കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലൂടെ ടെസ്റ്റിൽ അരങ്ങേറിയ ഷമി 2023ലെ ഓസ്ട്രേലിയൻ പര്യടനത്തിലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി പിന്നീട് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത് 2025ലാണ്. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ കിരീടവിജയത്തിന് ശേഷം ഷമി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലും കളിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിന് മുമ്പ് ഇംഗ്ളണ്ടിന് എതിരെയാണ് അവസാനമായി ട്വന്റി-20 ഫോർമാറ്റിലും കളിച്ചത്.
തുടർന്ന് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന് വേണ്ടി കളിക്കുകയായിരുന്നു ഷമി. ഇക്കഴിഞ്ഞ ന്യൂസിലാൻഡ് പര്യടനത്തിൽ ഭുവനേശ്വർ കുമാറിനെ തിരിച്ചുവിളിച്ച സെലക്ടർമാർ പക്ഷേ ഷമിയെ കണ്ടതായി നടിച്ചില്ല. രഞ്ജി ട്രോഫിയിൽ ആദ്യ ഘട്ടമത്സരങ്ങൾ അവസാനിച്ചപ്പോഴാണ് ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് ഷമി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ സെയ്ദ് മുഷ്താഖ് ട്രോഫിയിലും വിജയ് ഹസാരേ ട്രോഫിയിലും മികവ് തെളിയിച്ച് ഇന്ത്യൻ ഏകദിന, ട്വന്റി-20 ടീമുകളലേക്ക് തിരിച്ചുവരികയായിരിക്കും ഷമിയുടെ ഇനിയുള്ള ലക്ഷ്യം.
കഴിഞ്ഞമാസം
തിരുവനന്തപുരത്ത്
ബംഗാളിനുവേണ്ടി കേരളത്തിനെതിരെ രഞ്ജി കളിക്കാൻ കഴിഞ്ഞമാസം ഒടുവിൽ ഷമി തിരുവനന്തപുരം മംഗലപുരത്ത് എത്തിയിരുന്നു.ഈ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.ശേഷം മഹാരാഷ്ട്രയ്ക്ക് എതിരായ രഞ്ജി മത്സരത്തിൽ നാലുവിക്കറ്റ് വീഴ്ത്തി.
മുഹമ്മദ് ഷമി ടെസ്റ്റ് കരിയർ
64 മത്സരങ്ങൾ
229 വിക്കറ്റുകൾ
6/56 മികച്ച പ്രകടനം
6 തവണ അഞ്ചുവിക്കറ്റ് നേട്ടം
750 റൺസ്
2 അർദ്ധസെഞ്ച്വറികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |