SignIn
Kerala Kaumudi Online
Friday, 06 November 2026 2.47 AM IST

മിസ് സ്യൂൂൂൂ.... ക്രിസ്റ്റ്യാനോ

cristiano

പോർച്ചുഗൽ ജന്മം നൽകിയ എക്കാലത്തേയും മികച്ച ഫുട്ബാളർ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.1966 ലോകകപ്പിൽ മൂന്നാം സ്ഥാനത്തുവരെയെത്തിച്ച യുസേബിയോയും 2006 ലോകകപ്പിൽ സെമിഫൈനലിലെത്തിച്ച ലൂയിസ് ഫിഗോയും രാജ്യത്തിന് ഒരു കിരീടംപോലും നൽകിയിട്ടില്ല. പക്ഷേ ക്രിസ്റ്റ്യാനോ നായകനായി മൂന്ന് കിരീടങ്ങൾ പോർച്ചുഗൽ സ്വന്തമാക്കിയിട്ടുണ്ട്. 2016ലെ യൂറോ കപ്പും 2019ലേയും 2025ലേയും യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും. അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ മറ്റൊരു പോർച്ചുഗീസ് താരമില്ല. എക്കാലത്തേയും മികച്ച ബാലൺ ഡി ഓർ ജേതാവായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2003ൽ ക്രിസ്റ്റ്യാനോ ദേശീയ ടീമിലേക്ക് വരുമ്പോൾ അന്നത്തെ ഏഴാം നമ്പർ കുപ്പായക്കാരനായ ലൂയിസ് ഫിഗോ കരിയറിന്റെ അവസാനഘട്ടത്തിലായിരുന്നു. ഫിഗോ വിരമിക്കുമ്പോഴേക്കും ആ പാരമ്പര്യത്തിന് പകരംവയ്ക്കാൻ കഴിയുന്നിടത്തോളംക്രിസ്റ്റ്യാനോ വളർന്നു .

ഇക്കാലമത്രയും പോർച്ചുഗൽ ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് ക്രിസ്റ്റ്യാനോ കളിച്ചത്. നാനിയും പെപ്പെയും പോലുള്ള കളിക്കാർ വിരമിക്കുകയും ബ്രൂണോ ഫെർണാണ്ടസും വിറ്റീഞ്ഞയുമൊക്കെ വരികയും ചെയ്തപ്പോഴും ക്രിസ്റ്റ്യാനോ ക്രിസ്റ്റ്യാനോയായിത്തന്നെ നിലകൊണ്ടു. തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോൾ തന്നെ പുരുഷ ഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ക്രിസ്റ്റ്യാനോ മാറിയിരുന്നു. കുവൈത്തിന്റെ ബദർ അൽ മുതവയുടെ റെക്കാഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്.

2022 ലോകകപ്പിൽ ക്രിസ്റ്റ്യാനോയെ കോച്ച് പകരക്കാരനാക്കി ഇറക്കിയതോടെ വിവാദങ്ങളും ടീമിലെ പടലപ്പിണക്ക വാർത്തകളും പ്രചരിച്ചെങ്കിലും നാലുവർഷത്തിന് ശേഷവും ക്രിസ്റ്റ്യാനോ പോർച്ചുഗലിനെ നയിച്ച് ലോകകപ്പിനിറങ്ങി. ഇത് തന്റെ അവസാന ലോകകപ്പ് എന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്തവണത്തെ വരവ്. തുടർച്ചയായ ആറാം ലോകകപ്പിലും ഗോളടിച്ച് ചരിത്രം സൃഷ്‌ടിച്ചെങ്കിലും പ്രീ ക്വാർട്ടറിന് അപ്പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല.

സ്യൂൂൂ... ലോകം ഏറ്റെ‌ടുത്ത

ആഘോഷം

ഗോളടിച്ച ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രത്യേക ആക്ഷനും സ്യൂൂൂ...എന്ന ആർപ്പുവിളിയും പ്രായഭേദമന്യെയാണ് ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുത്തത്. ക്രിസ്റ്റ്യാനോയു‌ടെ ആഘോഷം കാണാനായി മാത്രം കാണികൾ കാത്തിരുന്നു. ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പർ ജഴ്സിയും CR7 എന്ന ചുരുക്കപ്പേരും ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു.

234

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ

146

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ.

134

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിജയങ്ങൾ.

6

ലോകകപ്പുകളിൽ ഗോൾനേടിയ ഏകതാരം.

14

യൂറോകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ.

140

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആൾടൈം ടോപ്സ്കോറർ.

183

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച താരം.

5

തവണ ബാലൺ ഡിഓർ

4

യൂറോപ്യൻ ഗോൾഡൻ ഷൂ

18

വർഷവും ആറു മാസവും 15 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാൾഡോ പോർച്ചുഗൽ ടീമിനായി അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറുന്നത്. 2003 ഓഗസ്റ്റ് 20-ന് കസാഖിസ്ഥാനെതിരേയായിരുന്നു അരങ്ങേറ്റം.

354

അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചത് അമേരിക്കയുടെ വനിതാ താരം ക്രിസ്റ്റീനെ ലില്ലിയാണ്. 354 മത്സരങ്ങളിലാണ് ലില്ലി കളത്തിലിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360