SignIn
Kerala Kaumudi Online
Thursday, 17 September 2026 3.09 AM IST

കപ്പോടെ റയലിന് സൂപ്പർ തുടക്കം

real-madrid

ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ കീഴടക്കി റയൽ മാഡ്രിഡ് യുവേഫ സൂപ്പർ കപ്പ് ജേതാക്കൾ

ഹെൽസിങ്കി: യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന സീസൺ ഓപ്പണറായ യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ജർമ്മൻ ക്ലബ്ബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന് കിരീടം.

ഹെൽസിങ്കി ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിട്ടിൽ ഡേവിഡ് അലാബയും 65-ാം മിനിട്ടിൽ കരീം ബെൻസേമയും നേടിയ ഗോളുകൾക്കാണ് ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർ സൂപ്പർ കപ്പും സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യപകുതി ഐൻട്രാക്റ്റ് പ്രതിരോധിച്ചെങ്കിലും രണ്ടാം പകുതിയിൽ റയൽ ആധിപത്യം നേടുകയായിരുന്നു.

14 തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള റയലിന്റെ അഞ്ചാം സൂപ്പർ കപ്പ് കിരീടമാണിത്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ലാ ലിഗ കിരീടവും ചാമ്പ്യൻസ് ലീഗും നേടിയ റയലിന് കിരീട നേട്ടത്തോടെ തന്നെ പുതിയ സീസണിന് തുടക്കമിടാനായി.

ഓഫ്സൈഡ് നിർണയിക്കാൻ സെമി ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യൻ ഫുട്ബാളിൽ ആദ്യമായി ഉപയോഗിക്കുന്ന മത്സരമെന്ന പ്രത്യേകതകൂടി ഇത്തവണത്തെ സൂപ്പർ കപ്പ് ഫൈനലിന് ഉണ്ടായിരുന്നു.

റൗളിനെ കടന്ന് ബെൻസേമ

റയൽ മാഡ്രിഡിനുവേണ്ടി ഏറ്റവുമധികം ഗോൾ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കാഡ് ഇനി കരീം ബെൻസേമയ്ക്ക് സ്വന്തം. യുവേഫ സൂപ്പർ കപ്പിൽ എയ്ൻട്രാക്റ്റിനെതിരായ ഗോളോടെയാണ് ഇതിഹാസതാരം റൗൾ ഗോൺസാൽവസിനെ മറികടന്ന് ബെൻസേമ രണ്ടാമതെത്തിയത്. 324 ഗോളുകളാണ് ബെൻസേമ നേടിയിരിക്കുന്നത്. റൗളിന്റെ അക്കൗണ്ടിൽ 323 ഗോളുകളാണുള്ളത് റയലിന്റെ എക്കാലത്തെയും മികച്ച ടോപ്‌സ്‌കോറർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 450 ഗോളുകളാണ് റൊണാൾഡോ റയൽ കുപ്പായത്തിൽ അടിച്ചുകൂട്ടിയത്.

1960

ന് ശേഷം ആദ്യമായാണ് ഹെൽസിങ്കി ഒളിമ്പിക് സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡും എയ്ൻട്രാക്റ്റും ഏറ്റുമുട്ടിയത്. 1960 യൂറോപ്യൻ കപ്പ് ഫൈനലിൽ ഫെറെങ്ക് പുഷ്കാസും ആൽഫ്രഡ് ഡി സ്റ്റെഫാനോയുമടങ്ങുന്ന റയൽ 7-3ന് എയ്ൻട്രാക്റ്റിനെ കീഴടക്കിയിരുന്നു.

9

കഴിഞ്ഞ പത്ത് സീസണുകളിൽ നടന്ന സൂപ്പർ കപ്പ് പോരാട്ടങ്ങളിൽ ഒൻപത് തവണയും വിജയം കണ്ടത് ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ്. 2018ൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് മാത്രമാണ് യൂറോപ്പ ലീഗ് ജേതാക്കളായി വന്ന് സൂപ്പർ കപ്പ് നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, REAL MADRID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360