
മുംബയ്: 2027 ഐപിഎൽ പോരാട്ടത്തിൽ പരിശീലകനാകാൻ ഒരുങ്ങി മുൻ ഇന്ത്യൻ ഇതിഹാസ താരം യുവരാജ് സിംഗ്. അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമായി യുവരാജ് ചേരുമെന്നാണ് സൂചന. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഡൽഹി ക്യാപിറ്റൽസിന്റെ നിർണായക ചുമതലകളിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായതോടെയാണ് യുവരാജിനെയും ഒപ്പം കൂട്ടാൻ നീക്കം നടക്കുന്നത്. ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് വരും സീസണുകളിൽ ടീമിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നതോടെ ഒട്ടേറെ മാറ്റങ്ങൾക്കാണ് ഡൽഹി ക്യാപിറ്റൽസ് ഒരുങ്ങുന്നത്.
യുവരാജ് സിംഗ് ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേരുമെന്ന കാര്യം ഫ്രാഞ്ചൈസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിന്റെ ബാറ്റിംഗ് കോച്ചായിട്ടായിരിക്കും യുവരാജിന് അവസരം ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ നടത്തിപ്പ് രണ്ട് വർഷത്തെ ഇടവേളകളിൽ മാറിമാറിയാണ് സഹ ഉടമകളായ ജിഎംആർ ഗ്രൂപ്പും ജെഎസ്‌ഡബ്ല്യു ഗ്രൂപ്പും കൈകാര്യം ചെയ്യുന്നത്. 2025, 2026 സീസണുകളിൽ ജിഎംആർ ഗ്രൂപ്പാണ് ടീമിനെ നയിച്ചിരുന്നത്. എന്നാൽ 2027 മുതൽ അടുത്ത രണ്ട് വർഷത്തേക്ക് ജെഎസ്‌ഡബ്ല്യു ഗ്രൂപ്പാണ് ടീമിന്റെ കാര്യങ്ങൾ നോക്കുക. ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന്റെ കാലത്ത് ക്രിക്കറ്റ് ഡയറക്‌ടറായിരുന്ന സൗരവ് ഗാംഗുലി ഇതോടെ ഡഗൗട്ടിലേക്ക് തിരിച്ചെത്തും.
കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെ ഇത്തരമൊരു അഴിച്ചുപണിക്ക് പ്രേരിപ്പിച്ചത്. അക്‌സർ പട്ടേലിന്റെ ക്യാപ്‌ടൻസിയിൽ ഇറങ്ങിയ ഡൽഹിക്ക് 2025ലും 2026ലും പ്ലേഓഫിൽ കടക്കാൻ സാധിച്ചിരുന്നില്ല. കെഎൽ രാഹുൽ, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ് തുടങ്ങിയ വൻ താര നിരയുണ്ടായിട്ടും ടീം നിരാശപ്പെടുത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |