മെക്സിക്കോ സിറ്റി: മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ ഹിറ്റ്മാനായി പ്രവർത്തിച്ചിരുന്ന 15കാരനും അമ്മാവനും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ മെക്സിക്കോയിലെ മിച്ചോക്കാനിലാണ് സംഭവം. ആൽബെർട്ടോ 'ചുചിറ്റോ നിനി' സാൻഡോവലെന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കാർട്ടൽ ഡി ലോസ് റെയ്‌സ് എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവനായിരുന്ന അമ്മാവൻ ലൂയിസ് ബരാഗന്റെ അംഗരക്ഷകനായിരുന്നു ആൽബെർട്ടോ. ഓഗസ്റ്റ് 30ന് നടന്ന സുരക്ഷാസേനയുടെ നടപടിക്കിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് മെക്സിക്കൻ അധികൃതർ അറിയിച്ചു.
മയക്കുമരുന്ന്, ആയുധക്കടത്ത് കേസുകളിൽ അമേരിക്കൻ അന്വേഷണ ഏജൻസികൾ തിരയുന്ന പ്രധാന കുറ്റവാളിയായിരുന്നു ലൂയിസ് ബരാഗൻ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് യുഎസ് സർക്കാർ 30 ലക്ഷം ഡോളർ (ഏകദേശം 28 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാർട്ടൽസ് യുണിഡോസ് എന്ന സഖ്യത്തിലെ വിഭാഗമാണ് കാർട്ടൽ ഡി ലോസ് റെയ്‌സ്.
മെക്സിക്കോയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ചെറുകിട ക്രിമിനൽ സംഘങ്ങളുടെ കൂട്ടായ്മയാണ് കാർട്ടൽസ് യുണിഡോസ്. 2025 ഫെബ്രുവരിയിൽ അമേരിക്ക കാർട്ടൽസ് യുണിഡോസിനെ വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ആൽബെർട്ടോ ഒരു ഹിറ്റ്മാൻ സംഘത്തിന് നേതൃത്വം നൽകിയിരുന്നതായും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്തവരെ കാർട്ടലിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായും ആരോപണമുണ്ട്. എന്നാൽ സുരക്ഷാസേനയുമായി ഉണ്ടായ വെടിവയ്പ്പിൽ കൗമാരക്കാരൻ നേരിട്ട് പങ്കെടുത്തിരുന്നോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത നൽകിയിട്ടില്ല.
ലൂയിസ് ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് മെക്സിക്കൻ സൈന്യവും നാഷണൽ ഗാർഡും സംസ്ഥാന പൊലീസും അറ്റോർണി ജനറൽ ഓഫീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. മിച്ചോക്കാനിലെ ടോകുംബോയിൽ എത്തിയ സുരക്ഷാസേനയ്ക്ക് നേരെ വെടിവയ്പ്പുണ്ടായതോടെയാണ് ഏറ്റുമുട്ടൽ നടന്നത്.
ആൽബർട്ടോയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തി പുറത്തുവന്ന ചിത്രങ്ങളിൽ സൈനികരുടേതിന് സമാനമായ വേഷം ധരിച്ച് തോക്കുകളേന്തിനിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. മറ്റൊരു ചിത്രത്തിൽ ആൽബർട്ടോയുടെ കൈയിൽ ഒരു റൈഫിളും അരയിൽ മറ്റൊരു തോക്കും കാണാം. കാലിൽ കെട്ടിയ ഹോൾസ്റ്ററിൽ കൈത്തോക്കും ഉണ്ടായിരുന്നു.
മെക്സിക്കോയിൽ മയക്കുമരുന്ന് കാർട്ടലുകൾ കുട്ടികളെയും കൗമാരക്കാരെയും കുറ്റകൃത്യങ്ങളിലേക്ക് ഉൾപ്പെടുത്തുന്നത് അപൂർവമല്ല. മയക്കുമരുന്ന് വിൽപ്പന, നിരീക്ഷണം, കൊലപാതകം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിരവധി യുവാക്കളെ നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ സംഘങ്ങളിൽ ഉൾപ്പെടുത്തുന്നതായി മെക്സിക്കൻ സുരക്ഷാ വിദഗ്ധൻ ഡേവിഡ് സൗസെഡോ പറഞ്ഞു.
എന്നാൽ ആൽബർട്ടോയുടെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർട്ടൽ നേതാവിന്റെ അടുത്ത ബന്ധുവായതിനാൽ സാധാരണ റിക്രൂട്ട്‌മെന്റിലൂടെയല്ല 15കാരൻ സംഘത്തിന്റെ ഭാഗമായതെന്നാണ് വിലയിരുത്തൽ. മെക്സിക്കോയിലെ ശക്തമായ പല മയക്കുമരുന്ന് കാർട്ടലുകളും കുടുംബ ബിസിനസുകൾ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സൗസെഡോ പറഞ്ഞു.
പിതാവിൽ നിന്ന് മകനിലേക്കോ, പിതാവിൽ നിന്ന് സഹോദരപുത്രനിലേക്കോ, അമ്മാവനിൽ നിന്ന് സഹോദര പുത്രനിലേക്കോ, സഹോദരങ്ങൾ തമ്മിലോ നേതൃത്വം കൈമാറുന്ന രീതിയാണ് പല സംഘങ്ങളിലും കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലും മെക്സിക്കോയുമായുള്ള സഹകരണത്തിലും മയക്കുമരുന്ന് ശൃംഖലകളെ തകർക്കാനുള്ള നടപടികൾ തുടരുമെന്ന് മെക്സിക്കോയിലെ അമേരിക്കൻ അംബാസഡർ റൊണാൾഡ് ജാക്സൺ എക്സിൽ കുറിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Another wanted cartel leader can no longer threaten our communities. “R5” was wanted for extradition to the United States, with a $3 million @StateDept reward for information leading to his arrest. The operation by Mexican authorities demonstrates what sustained pressure on… https://t.co/LiwRMvgGBS
— Embajador Ronald Johnson (@USAmbMex) September 2, 2026
A 15-year-old hitman, Alberto Sandoval, and his uncle, drug cartel leader Luis Barragán, were killed in an armed confrontation with security forces in Michoacán, western Mexico, on August 30. Barragán was wanted by US agencies, and Sandoval was accused of leading a hitman squad and recruiting minors for the Cartel de los Reyes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |