കൊച്ചി: തുടർച്ചയായി നാല് തവണ മിസ്റ്റർ കേരള പൊലീസ് മെഡൽ! കെ.എ.പി വൺ ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് ബി.തമ്പി ചാമ്പ്യൻസ് ഒഫ് ചാമ്പ്യനായത് മസിൽക്കരുത്തിലും മനക്കരുത്തിലും.
തുടർച്ചയായി നാലാം തവണയും തൊടുപുഴയിൽ നടന്ന കേരള പൊലീസ് ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിലാണ് ശ്രീജിത്ത് മത്സരിച്ചത്.
2020ലാണ് പൊലീസിലെത്തിയത്. അടുത്തവർഷം മിസ്റ്റർ കേരള പൊലീസ് മെഡൽ സ്വന്തമാക്കി.
2022ലും മെഡൽ നേടി. 2023, 2024 വർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നടന്നില്ല. 2025ലും നേട്ടം ആവർത്തിച്ചു.
2025ൽ യു.എസിൽ വേൾഡ് പൊലീസ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പിന്മാറിയതിനാൽ അവസരം നഷ്ടമായി.
എറണാകുളം മഹാരാജാസിൽ ഡിഗ്രി പഠനകാലത്ത് ഗ്രേസ് മാർക്ക് ലക്ഷ്യമിട്ടാണ് ബോഡി ബിൽഡിംഗിലെത്തിയത്. 2013 മുതൽ 2016 വരെ മിസ്റ്റർ എം.ജി. യൂണിവേഴ്‌സിറ്റിയായി. മഹാരാജാസിലേക്ക് മിസ്റ്റർ നാഷണൽ ഇൻ്റർ യൂണിവേഴ്സിറ്റി മെഡലെത്തിച്ചു.
ഹരിയാനയിൽ അടുത്തമാസം നാഷണൽ പൊലീസ് ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നുണ്ട്. നാഷണൽ ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിമെഡൽ നേടിയിട്ടുണ്ട്. ഇനി സ്വർണമെഡലാണ് ലക്ഷ്യം.
തൃപ്പൂണിത്തുറ എരൂർ ബംഗ്ലാവുപറമ്പിൽ തമ്പിയുടേയും ലതയുടേയും മകനാണ്. സഹോദരൻ ശ്യാം. കെ.എ.പി ബറ്റാലിയനിലെ കമാൻഡന്റ് ജാക്‌സൺ, റിട്ട. ഡെപ്യൂട്ടി കമാൻഡന്റ് ആൻസൺ എന്നിവരുടെ പിന്തുണയാണ് കരുത്തായതെന്ന് ശ്രീജിത്ത് പറയുന്നു.
പ്രതിദിനചെലവ്: 1500 രൂപ
ഈ ചാമ്പ്യൻഷിപ്പിന് ഭക്ഷണചെലവ്: മൂന്ന് ലക്ഷം
ഒരു ദിവസത്തെ മെനു: ചിക്കനും മീനും 500ഗ്രാം വീതം, കോഴിമുട്ട 30എണ്ണം, പച്ചക്കറി 250ഗ്രാം, പഴവർഗ്ഗങ്ങൾ 250ഗ്രാം
പരിശീലനം: രാവിലെ രണ്ട് മണിക്കൂറും വൈകിട്ട് മൂന്ന് മണിക്കൂറും
മിസ്റ്റർ ഇന്ത്യൻ പൊലീസ് മെഡൽ നേടണം. ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന വേൾഡ് പൊലീസ് ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കണം.
- ശ്രീജിത്ത് ബി. തമ്പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |