
പ്രചോദനമായത് 2018ലെ പ്രളയം
കൊച്ചി: ചാലക്കുടിയിലുണ്ടായ 2018ലെ പ്രളയക്കാഴ്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അണക്കെട്ട് നിയന്ത്രണത്തിനായി എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ച് തൃശൂർ സ്വദേശിയായ 17കാരൻ നവൈൻ ഷിബു ശ്രദ്ധേയനാകുന്നു. പ്രയാസകരമായ സാഹചര്യങ്ങളിലും കൃത്യമായ ജലനിരപ്പ് വിശകലനം നടത്തി ആവശ്യമായ സമയത്ത് വെള്ളം തുറന്നുവിടാനും അനാവശ്യമായി ഡാം തുറന്നുവിടുന്നത് ഒഴിവാക്കാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത എഡ്ജ് നെറ്റ്‌വർക്ക് സംവിധാനമാണ് നവൈൻ വികസിപ്പിച്ചത്.
AcoustiNode Systems എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിൽ VHF റേഡിയോ ആശയവിനിമയ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കണക്റ്റിവിറ്റി പരിമിതമായ സാഹചര്യങ്ങളിലും അണക്കെട്ടുകളിലെ വിവരങ്ങൾ ശേഖരിച്ച് കൈമാറുന്നതിനും വിശകലനം ചെയ്യുന്നതിനുമാണ് എഡ്ജ് നെറ്റ്‌വർക്ക് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.
ജല സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ജലവൈദ്യുതി ഉത്പാദനം കാര്യക്ഷമമാക്കുന്നതിനും പ്രളയത്തെ തുടർന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിലയിരുത്തൽ. നവൈന്റെ ആശയം രാജ്യത്തെ പ്രമുഖ സി.എസ്.ആർ പ്ലാറ്റ്‌ഫോമായ സാംസംഗ് സോൾവ് ഫോർ ടുമാറോയിൽ ഇടം നേടി.
2018ലെ പ്രളയത്തിൽ നേരിട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സാങ്കേതിക പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നവൈന്റെ പദ്ധതിക്ക് പിന്നിൽ. പ്രാദേശിക തലത്തിൽ നേരിടുന്ന പ്രശ്നങ്ങളെ എ.ഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളിലൂടെ പരിഹരിക്കാനുള്ള സാദ്ധ്യതയും പദ്ധതി മുന്നോട്ടുവെക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |