
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ. തുടർച്ചയായ രണ്ടാം ദിവസവും മഴ കനത്തതോടെ ഡൽഹിയിൽ റോഡ്-വിമാന-ട്രെയിൻ ഗതാഗതമെല്ലാം താറുമാറായി. ഡൽഹി-ഹരിയാന മേഖലയിൽ ഇന്നും കനത്ത മഴ മുന്നറിയിപ്പാണ്. ഉത്തരാഖണ്ഡ്, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്. കിഴക്കൻ രാജസ്ഥാനിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത.
ഡൽഹിയിലും സമീപപ്രദേശങ്ങളിലും രാവിലെ ശക്തമായ മഴ ലഭിച്ചതോടെ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. ദ്വാരക, നജഫ്ഗഢ്, നംഗ്ലോയ് മേഖലകളിലും ഗുരുഗ്രാമിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. ഇന്നലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 200ലേറെ സർവീസുകൾ വൈകി. ഇന്നും ചില സർവീസുകൾ മൂന്നു മണിക്കൂറിലേറെ വൈകുമെന്നാണ് വിവരം. കാലാവസ്ഥ മോശമായതിനാൽ വൈകലുകൾ തുടർന്നേക്കുമെന്ന് ഇൻഡിഗോ അടക്കമുള്ള വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകി. വെള്ളക്കെട്ടിനെത്തുടർന്ന് പാളങ്ങൾ മുങ്ങിയത് ട്രെയിൻ സർവീസിനെയും ബാധിച്ചു. ഡൽഹി, നിസാമുദ്ദീൻ എന്നിവിടങ്ങളിൽ നിന്നു പുറപ്പെടേണ്ടിയിരുന്ന പല ട്രെയിനുകളും വൈകിയാണ് പുറപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |