
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണവുമായി പാകിസ്ഥാന്‍ സൈന്യം. ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. സമീപകാലത്ത് രാജ്യത്ത് തുടര്‍ച്ചയായി നടന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ സൈനിക നടപടിയെന്ന് പാക് മന്ത്രി അത്തൗല്ല തരാര്‍ അറിയിച്ചു. ഭീകരരുടെ ഒളിയിടങ്ങളും സുരക്ഷിത താവളങ്ങളും ആക്രമിച്ചതായാണ് പാകിസ്ഥാന്റെ അവകാശവാദം. എന്നാൽ സംഭവത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്തകാലത്തായി പാകിസ്ഥാനില്‍ പൊലീസ്, സുരക്ഷാസേന എന്നിവരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പ്രധാന ഉത്തരവാദികള്‍ പാക് താലിബാൻ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളാണെന്നാണ് പാകിസ്ഥാന്റെ ആരോപണം.ഇന്നലെ കറാച്ചിയിലെ പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയും ഒരാളെ പരിക്കുകളോടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിലായത് അഫ്ഗാന്‍ പൗരനാണെന്ന് പാകിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു.
2021ലാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇരുരാജ്യങ്ങളും പരസ്പരം നടത്തിയ അതിര്‍ത്തി ആക്രമണങ്ങളില്‍ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്താരാഷ്ട്ര മദ്ധ്യസ്ഥതയിൽ നിരവധിതവണ സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും അവ പരാജയപ്പെട്ടു. ഏപ്രിലില്‍ ചൈനയുടെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. സംഘര്‍ഷം കൂടുതല്‍ വഷളാക്കാതിരിക്കാനും നയതന്ത്രപരമായ പരിഹാരം തേടാനും ഇരുപക്ഷവും ധാരണയിലെത്തിയതായി പിന്നീട് ബീജിംഗ് അറിയിച്ചിരുന്നു.
എന്നാല്‍ അതിര്‍ത്തിയില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിക്കുകയെന്ന പേരില്‍ പാകിസ്ഥാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അതിര്‍ത്തിയിൽ നിരവധി ആക്രമണങ്ങള്‍ നടത്തി. ടിടിപി(തെഹ്‌രികെ താലിബാൻ പാകിസ്ഥാൻ) ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് അഫ്ഗാന്‍ താലിബാന്‍ സര്‍ക്കാര്‍ അഭയം നല്‍കുന്നുവെന്നും അവിടെ നിന്നാണ് പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നുമാണ് ഇസ്ലാമാബാദിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ അഫ്ഗാനിസ്ഥാന്‍ തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |