SignIn
Kerala Kaumudi Online
Monday, 29 June 2026 12.06 PM IST

പിതാവിന്റെ സംസ്‌കാര ചടങ്ങിൽ മൊജ്‌തബ ഖമനേയി എത്തുമോ? ഉറ്റുനോക്കി ലോകം

mojtaba-khamenei
മൊജ്‌തബ ഖമനേയിയുടെ ചിത്രവുമായി നിൽക്കുന്ന അനുയായികൾ

ടെഹ്‌റാൻ: അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ ജൂലായ് നാലിന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ടെഹ്‌റാനിൽ ആരംഭിക്കുന്ന ചടങ്ങുകൾ ജൂലായ് ഒമ്പതിന് മഷ്‌ഹാദിൽ സംസ്‌കാരം നടത്തുന്നതോടെ അവസാനിക്കും. രാജ്യം വലിയ രീതിയിലുള്ള വിലാപ യാത്ര ഒരുക്കുമ്പോൾ ലോകമെമ്പാടുമുള്ളവർ ഉറ്റുനോക്കുന്നത് മാസങ്ങളായി അദൃശ്യനായിക്കഴിയുന്ന നിലവിലെ ഇറാൻ പരമോന്നത നേതാവും അലി ഖമനേയിയുടെ മകനുമായ മൊജ്‌തബ ഖമനേയിയെ ആണ്.

ഫെബ്രുവരി 28ന് അലി ഖമനേയി കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ 56കാരനായ മൊജ്‌തബ ഖമനേയിക്ക് പരിക്കേറ്റിരുന്നു. മൊജ്‌തബയുടെ മുഖത്തും കാലിനും ഗുരുതരമായ പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് മാദ്ധ്യമങ്ങളും ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു. പിതാവിന്റെ മരണശേഷം പരമോന്നത നേതാവായി സ്ഥാനം ഏറ്റെടുത്തെങ്കിലും പൊതുവേദികളിലോ വീഡിയോയിലൂടെയോ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്തിനേറെ, അദ്ദേഹത്തിന്റെ ശബ്‌ദം പോലും പിന്നീടാരും കേട്ടിട്ടില്ല. പകരം, അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ മാദ്ധ്യമ വാർത്തകളിലൂടെയാണ് എല്ലാവരും അറിഞ്ഞത്. ഇതോടെ അദ്ദേഹം ജീവനോടെയുണ്ടോ എന്നുപോലും പലരും ആശങ്കപ്പെട്ടു.

'ഇറാന്റെ ശത്രുക്കൾക്കുമേൽ സമ്മർദം ചെലുത്തും. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഹോർമുസ് കടലിടുക്ക് തടയുന്നത് തുടരും. അവശ്യമെങ്കിൽ മേഖലയിലെ യുഎസ് താവളങ്ങൾക്കെതിരെ ആക്രമണങ്ങൾ തുടരും. ഇറാന്റെ പോരാളികൾക്ക് നന്ദി', എന്നായിരുന്നു മാർച്ചിൽ സ്ഥാനമേറ്റെടുത്ത ശേഷം മൊജ്‌തബ പുറത്തുവിട്ട ആദ്യ പൊതുസന്ദേശം. മാദ്ധ്യമങ്ങളിലൂടെയാണ് സന്ദേശം പുറത്തുവന്നത്. പിന്നീടും പല തവണ ഇത്തരം പ്രസ്‌താവനകൾ വന്നതോടെ മൊജ്‌തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പൊതുജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ അദ്ദേഹം മാനസികമായി ശക്തനാണെന്നും ശബ്‌ദസന്ദേശത്തിലൂടെ സുപ്രധാന തീരുമാനങ്ങളിൽ പങ്കുചേരുന്നുണ്ടെന്നും ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നിരുന്നാൽപ്പോലും, ഇത്രയും മാസങ്ങളായി അദ്ദേഹം ഒരു തവണ പോലും മാദ്ധ്യമങ്ങൾക്ക് മുന്നിലോ അല്ലാതെയോ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാൽ, അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങ് ഏറെ പ്രതീക്ഷയോടെയാണ് ഇറാനിലെ പൊതുജനങ്ങൾ കാണുന്നത്. സാധാരണ മുൻഗാമികളുടെ സംസ്‌കാര ചടങ്ങുകളിൽ പിൻഗാമികൾ പങ്കെടുക്കാറുണ്ട്. പിതാവിന്റെ സംസ്‌കാര ചടങ്ങിൽ ലോകത്തിന് മുന്നിലേക്ക് മൊജ്‌തബ ഖമനേയി എത്തുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇതേക്കുറിച്ച് ഇറാനിലെ ഉദ്യോഗസ്ഥർ വ്യക്തമായ സൂചന നൽകിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOJTABA KHAMENEI, MOJTABA KHAMENEI FATHER FUNERAL, WILL MOJTABA KHAMENEI ATTEND FUNERAL, IRAN SUPREME LEADER FUNERAL, MOJTABA KHAMENEI LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360