
ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി ട്രസ്റ്റിന്റെ തലപ്പത്ത് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും റിട്ട. ഐ.എ.എസ് ഓഫീസറുമായ നൃപേന്ദ്ര മിശ്രയെ നിയമിക്കാൻ നീക്കം. ട്രസ്റ്റിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്‌തിക സൃഷ്ടിച്ച് നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടു. അയോദ്ധ്യ രാമക്ഷേത്രത്തിലെ വരുമാനം കവർന്ന സംഭവം ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും തലവേദനയായ സാഹചര്യത്തിലാണ് നടപടി. അയോദ്ധ്യ ക്ഷേത്ര നിർമ്മാണ സമിതി ചെയർമാനായിരുന്നു നൃപേന്ദ്ര മിശ്ര.
ആരോപണം നേരിടുന്ന ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചതോടെ ഭരണ സംവിധാനം അഴിച്ചുപണിയാനാണ് നീക്കം. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളുടെ വീടുകളിൽ ഇന്നലെ ഒരേസമയം പൊലീസ് റെയ്ഡ് നടത്തി. ചമ്പത് റായിയുടെ അടുത്ത അനുയായി ടിന്നു യാദവ്, അനന്തരവൻ, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ എന്നിവരുടെ വീടുകൾ പൂട്ടിയിരുന്നു.
പ്രതികളുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ ബാങ്ക് രേഖകളും പരിശോധിച്ചു. എട്ട് പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ക്ഷേത്രപരിസരത്ത് ചില വാഹനങ്ങൾ സുരക്ഷാ പരിശോധനയില്ലാതെ പ്രവേശിച്ചെന്ന ആരോപണത്തിലും തെളിവെടുപ്പ് തുടങ്ങി. ലോഗ്ബുക്കുകളും രജിസ്റ്ററുകളും പരിശോധിച്ച് വാഹന ഉടമകളെ കണ്ടെത്താനാണ് ശ്രമം.
മഥുരയിലേക്ക് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി
അയോദ്ധ്യ വിവാദം നാണക്കേടായതോടെ 2027ൽ നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മഥുര ശ്രീകൃഷ്ണ ജന്മഭൂമി വിഷയം സജീവമാക്കാൻ ബി.ജെ.പി നീക്കം. മഥുര ശ്രീകൃഷ്‌ണ ക്ഷേത്രത്തിനോട് ചേർന്നുള്ള പള്ളി പൊളിക്കണമെന്ന ആവശ്യം ശക്തമാക്കാനാണ് ശ്രമം. ശ്രീരാമ ജന്മഭൂമിക്കു വേണ്ടി നടത്തിയതിനു സമാനമായ പ്രചാരണം നടത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇനി മഥുരയെക്കുറിച്ച് സംസാരിക്കണമെന്നാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ യോഗി അഭിപ്രായപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |