ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പോയ ഫ്ലൈദുബായ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വഴിത്തിരിവ്. അടിയന്തര സന്ദേശം പുറപ്പെടുവിച്ചതിനെത്തുടർന്നാണ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയത്. ആദ്യം ടെൽ അവീവിലേക്കുള്ള വിമാനം റാഞ്ചി സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി എന്ന തരത്തിലാണ് വാർത്തകൾ വന്നത്. പിന്നാലെ വാർത്ത തെറ്റാണെന്നും അടിയന്തര ലാൻഡിംഗ് ആയിരുന്നുവെന്ന വിശദീകരണവുമായി ഇസ്രായേൽ രംഗത്തെത്തുകയായിരുന്നു.
എന്നാൽ, പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനം ഹൈജാക്ക് ചെയ്തതാണെന്ന ആശങ്ക ഉയർന്നെങ്കിലും പിന്നീട് ഹൈജാക്കിംഗ് അല്ലെന്ന് ഇസ്രായേൽ അധികൃതർ വ്യക്തമാക്കി. ഫ്ലൈദുബായ് എഫ്‌ഇസഡ് 1073 വിമാനമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടെൽ അവീവിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടെ വിമാനം അടിയന്തര സിഗ്നൽ പുറപ്പെടുവിക്കുകയും പിന്നീട് സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിടുകയുമായിരുന്നു.
സൗദിയിലെ തബൂക്ക് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറങ്ങിയത്. മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം ഏകദേശം 34,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ രണ്ട് മിനിറ്റിനുള്ളിൽ 17,400 അടി താഴേക്ക് എത്തിയതായാണ് റിപ്പോർട്ട്. തുടർന്ന് അടിയന്തര സിഗ്നൽ ലഭിച്ചതോടെ ഇസ്രായേൽ വ്യോമസേന യുദ്ധവിമാനങ്ങൾ അയച്ചതായും അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് അടിയന്തര സിഗ്നലുകൾ പുറപ്പെടുവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ സംഘർഷത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഹൈജാക്കിംഗ് നടന്നിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. വിമാനത്തിൽ നിലവിളി കേട്ടതായും കോക്പിറ്റിന് സമീപം സംഘർഷം ഉണ്ടായതായും ചില യാത്രക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതരോ വിമാനക്കമ്പനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിയാലോചന നടത്തി. സൗദി അറേബ്യയിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതമായി ഇസ്രായേലിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
A Flydubai flight (FZ1073) from Dubai to Tel Aviv made an emergency landing in Tabuk, Saudi Arabia, following an urgent signal. While initial reports suggested a hijacking, Israeli authorities clarified it was an emergency. Unconfirmed reports indicate a conflict between the two pilots caused the diversion. All passengers are safe. An investigation is underway, with full official details pending.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |